വെളളിക്കുളങ്ങര - വെറ്റിലപ്പാറ; മലയോര ഹൈവേ നിർമാണം ആരംഭിച്ചു
1578106
Wednesday, July 23, 2025 1:30 AM IST
ചായ്പൻകുഴി: മലയോരഹൈവേ നിർമാണം ആരംഭിച്ചു. വെളളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെയുളള 18.25 കി.മീറ്റര്‍ ദൂരത്തിൽ കോർമലയിൽനിന്ന് തുടങ്ങി ചായ്പൻകുഴിവരെയുളള റോഡിലെ കലുങ്ക്, കാന എന്നിവയുടെ നിര്‍മാണജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
മഴക്കാലമാണെങ്കിലും ജോലികൾ മുടക്കംകൂടാതെ നടത്താൻ കരാർ കമ്പനി പരിശ്രമിക്കുന്നുണ്ട്. ചായ്പൻകുഴി പള്ളി ജംഗ്ഷൻവരെ പണികളെത്തി. ചായ്പൻകുഴി - വെട്ടിക്കുഴി റോഡിലെ നഷ്ടപരിഹാരത്തുക ലഭിച്ചവരുടെ വീടുകളിൽ കെആർഎഫ്ബി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറും പഞ്ചായത്ത് - ജനപ്രതിനിധികളുമെത്തി മതിൽ, കിണർ എന്നിവ നീക്കംചെയ്യാൻ ആവശ്യപ്പെട്ടു.
12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കേണ്ടത്. നഷ്ടപരിഹാരത്തുക കൂടുതൽ വേണമെന്നാവശ്യപ്പെട്ട് ചില ഭൂവുടമകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂരിഭാഗംപേരും ഭൂമി വിട്ടുനല്‍കിക്കഴിഞ്ഞു.