മുരിങ്ങൂരിൽ അടിപ്പാതയുടെ ക്രോസിംഗ് ഏരിയ തുറന്നു; ചിറങ്ങരയിൽ ഇന്നു തുറന്നേക്കും
1578104
Wednesday, July 23, 2025 1:30 AM IST
മുരിങ്ങൂർ: നിർമാണത്തിന്റെ പ്രാരംഭഘട്ടം മുതൽ വിവാദങ്ങൾക്കും ഒട്ടേറെ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച മുരിങ്ങൂർ, ചിറങ്ങര അടിപ്പാതകളിൽ മുരിങ്ങൂർ അടിപ്പാതയുടെ ക്രോസിംഗ് ഏരിയ തുറന്നു.
ചിറങ്ങര അടിപ്പാതയുടെ ക്രോസിംഗ് ഏരിയ ഇന്ന് തുറന്നേക്കും. രണ്ടിടങ്ങളിലും ഭിത്തികൾ നിർമിച്ച് നാലരമീറ്റർ ഉയരത്തിൽ ഒരു സ്പാനിലുള്ള അടിപ്പാതയാണ് നിർമിക്കുന്നത്. ഇതിൽ ആദ്യ കടമ്പയാണ് പൂർത്തിയായിരിക്കുന്നത്. ക്യൂറിംഗ് പിരിയഡ് പൂർത്തിയാക്കി കോൺക്രീറ്റിംഗിന് താങ്ങായി നിർത്തിയിരുന്ന ഇരുമ്പ് തൂണുകൾ നീക്കംചെയ്തിട്ടുണ്ട്. ഇതാേടെ ദേശീയപാതയ്ക്കു കുറുകെകടക്കാൻ സൗകര്യമായി.
ഔദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും ഇതിലൂടെ ചെറുവാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നുണ്ട്. അടിപ്പാതയ്ക്ക് രണ്ടു ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണം മന്ദഗതിയിലാണ്. മഴയും നിർമാണത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികൾ നിർമാണസ്ഥലങ്ങളിലില്ല.