നിർമാണം ആരംഭിച്ച് രണ്ടു പതിറ്റാണ്ട്; പണിപൂർത്തിയാകാതെ മോഡൽ റോഡ്
1578089
Wednesday, July 23, 2025 1:29 AM IST
തൃശൂർ: രണ്ടുപതിറ്റാണ്ട് പിന്നിട്ടിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാതെ അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ്. 21 വർഷംമുൻപ് (21.6.2004) ഘട്ടംഘട്ടമായി ആരംഭിച്ച മോഡൽ റോഡിന്റെ നിർമാണമാണ് നാളിതുവരെയായിട്ടും പൂർത്തീകരിക്കാത്തത്. കളക്ടറുടെ ഔദ്യോഗികവസതി മുതൽ പുഴയ്ക്കൽ പാടംവരെയുള്ള ഭാഗമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്.
ഈ ഭാഗത്താണ് കഴിഞ്ഞ 19 ന് ഒരു യുവാവിന്റെ ജീവൻ ബൈക്കപകടത്തിൽ പൊലിഞ്ഞത്. 19 വർഷംമുൻപ് നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ച റോഡ്, അഞ്ചുവർഷങ്ങൾക്കുമുൻപ് നിർമാണം പുനരാരംഭിക്കാൻ സംസ്ഥാനസർക്കാർ ഭരണാനുമതി നൽകുകയും 20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസുകളും പരാതികളും ഇല്ലാതിരുന്നിട്ടും, ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലുകൾ സ്ഥാപിച്ചിട്ടും നിർമാണംമാത്രം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
പൂർണതോതിലുള്ള പുനർനിർമാണത്തിന് അനുമതി ഉള്ളതിനാൽ കാനനിർമാണവും റോഡിന്റെ പ്രധാന അറ്റകുറ്റപ്പണികളും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഏറ്റവും തിരക്കുള്ള ഗ്രൗണ്ട് ജംഗ്ഷനിലെ റോഡ് തകർന്നിട്ട് രണ്ടുവർഷത്തോളമായി. ഇടയ്ക്കിടെ ഓട്ടയടയ്ക്കലും പാച്ച് വർക്കും മാത്രം നടക്കുന്പോഴും റോഡിലെ വൻഗർത്തങ്ങളിൽപെട്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാകുകയാണ്.
വെറും ഒരു കിലോമീറ്റർമാത്രം വരുന്ന, അയ്യന്തോൾ കോണ്‍വെന്റ് മുതൽ പുഴയ്ക്കൽപാടം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നിർമാണംകൂടി പൂർത്തീകരിച്ചാൽ ജില്ലയുടെ വടക്കുഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുവാൻ സാധിക്കും. വിഷയത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിനും ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ നിവേദനം നൽകി.