കളക്ടറുടെ മുന്നറിയിപ്പിൽ വിരണ്ടു; നഗരത്തിലെ കുഴികൾ മൂടുന്നു
1578091
Wednesday, July 23, 2025 1:29 AM IST
തൃശൂർ: റോഡിലെ കുഴികൾമൂലം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെ കളക്ടറുടെ മുന്നറിയിപ്പ് ഫലംകണ്ടു. നഗരത്തിലെ റോഡുകളിലെ കുഴികൾ തിടുക്കത്തിൽ നികത്തി കരാറുകാർ. എന്നാൽ നികത്തലിനു മണിക്കൂറുകൾമാത്രമേ ആയുസുള്ളൂ എന്നതിനാൽ ഇനി ആരോടു പരാതി പറയുമെന്നറിയാതെ ജനം ദുരിതയാത്ര തുടരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് റോഡിലെ കുഴികളിൽ വീണ് അപകടം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരേയും കരാറുകാർക്കെതിരേയും ദുരന്തനിവാരണനിയമം 2005 ലെ സെക്ഷൻ 51 (ബി) പ്രകാരം നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടത്. ഇതേത്തുടർന്നാണ് നഗരത്തിലെ ഉൾപ്പെടെ ഉള്ള റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താൻ ആരംഭിച്ചത്.
എന്നാൽ, ചടങ്ങുപോലെ നടക്കുന്ന കുഴിയടയ്ക്കൽ ഒറ്റദിവസംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി.
മിനിലോറിയിൽ റോഡ് മിക്സ് (റോഡ് ബോണ്ട്) സമഗ്രികളുമായി എത്തുന്ന തൊഴിലാളികൾ കുഴികളിൽ റോഡ് ബോണ്ട് ഉൾപ്പെടെയുള്ള മിശ്രിതമിട്ട് അതേ വാഹനം കയറ്റിറക്കിയും തൊഴിലാളികൾ കാലുകൊണ്ടും അവ ഉറപ്പിച്ച്, പേപ്പർ ഇട്ടുമടങ്ങുകയാണ്. ഈ ദൃശ്യം കളിയാക്കൽ കമന്റുകളോടൊപ്പം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
ഒരടിയെക്കാൾ ചെറിയ കുഴികൾ നികത്താൻമാത്രം ഉപയോഗിക്കുന്ന റോഡ് ബോണ്ട് വലിയ കുഴികളിൽ ഉപയോഗിക്കാറില്ലെന്നും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ അവ ശരിയായവിധം സെറ്റ് ആകുവാൻ റോഡ് റോളർ പോലെയുള്ളവ ഉപയോഗിക്കണമെന്നും എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു. അതൊന്നും ഈ കുഴിയടയ്ക്കലുകാർ ശ്രദ്ധിക്കുന്നില്ല.
ഇതിനെപുറമെ, കുഴി അടയ്ക്കുന്നതിനുപിറകെ വീണ്ടും കുഴികൾ രൂപപ്പെടുന്നതോടെ റോഡുകളിൽ മെറ്റലുകൾ പരക്കുന്നതു പുതിയ വെല്ലുവളി ഉയർത്തുകയാണ്. കുഴികളിൽ വീഴുന്പോൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മുന്നറിയിപ്പുകൾ നിരത്തിൽ നിരക്കുന്ന മെറ്റലുകൾക്കും ബാധകമാക്കണമെന്ന് ഇരുചക്രയാത്രികർ ആവശ്യപ്പെടുന്നു.