മുരിങ്ങൂരിലും ചിറങ്ങരയിലും അടിമുടി പൊടിപടലം !
1578105
Wednesday, July 23, 2025 1:30 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്ന മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ അടിമുടി പൊടി. മഴ പത്തുമിനിറ്റ് മാറിനിന്നാൽ അന്തരീക്ഷംനിറയെ പൊടിയാണ്.
മുരിങ്ങൂരിൽ കോട്ടമുറി ജംഗ്ഷൻ മുതൽ ഡിവൈൻനഗർ അടിപ്പാത കഴിയുംവരെയും ചിറങ്ങരയിൽ പെരുമ്പി മുതൽ പൊങ്ങം വരെയുമാണ് പൊടിപടലങ്ങൾ മൂലം വാഹനയാത്രികരും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുനേരിടുന്നത്. ഭാരവണ്ടികൾ കടന്നുപോകുമ്പോൾ തൊട്ടുമുന്നിൽ സഞ്ചരിക്കുന്ന വാഹനംപോലും കാണാനാകാത്ത ഗതികേടിലാണ് പിന്നിലുള്ള വാഹനയാത്രികർ. റോഡിന്റെ ഇരുഭാഗങ്ങളിലും പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി ചെറുതല്ല.
ഗതാഗതക്കുരുക്കിനുപിന്നാലെയുള്ള ഇരുട്ടടിയാണ് അന്തരീക്ഷത്തിലെ പൊടി. സ്ഥാപനങ്ങൾ അടച്ചുപൂട്ടണ്ടേ അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. നിർമാണത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിച്ച് പൊടി ഉയരാതിരിക്കാനുള്ള നടപടികൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപകപരാതിയുണ്ട്.