രോഗകേന്ദ്രമായി തൃശൂർ ഗവ. മെഡിക്കൽ കോളജ്
1578844
Saturday, July 26, 2025 12:55 AM IST
മുളങ്കുന്നത്തുകാവ്: മഴക്കാല പകർച്ചവ്യാധികളും ഡെങ്കിപ്പനിയും ജില്ലയിൽ പടരുന്പോൾ രോഗകേന്ദ്രമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് മാറുന്നെന്നു പരാതി. അത്യാഹിതവിഭാഗത്തിനു മുന്നിലെ കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് തകർന്നിട്ടുമാസങ്ങളായിട്ടും പരിഹാരം കാണാനാകാതെ അധികൃതർ. ആശുപത്രിയിലെത്തുന്നവർ കടുത്ത രോഗവുമായി തിരികെ പോകേണ്ട സ്ഥിതിയാണ്.
കഴിഞ്ഞമാസം കംഫർട്ട് സ്റ്റേഷിനിലെ സെപ്റ്റിക് ടാങ്കുകൾ പൊട്ടി വിസർജ്യങ്ങളും മലിനജലവും പുറത്തേക്ക് ഒഴുകിയിരുന്നു. ഇതേത്തുടർന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ മഴ കനത്തപ്പോൾ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ മാലിന്യം പുറത്തേക്ക് ഒഴുകിത്തുടങ്ങി.
ആളുകൾ കാണാതിരിക്കാൻ സ്ലാബുകൾ വലിയ ടർപ്പായകൾ ഉപയോഗിച്ചുമൂടി. മഴ ശക്തമായപ്പോൾ ടർപ്പായകളെല്ലാം മലിനജലത്തിൽ മുങ്ങി.
മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ കാന്റീൻ, കാർപാർക്കിംഗ്, എടിഎം, ഡോർമിറ്ററി എന്നിവയ്ക്കുസമീപമാണ് കംഫർട്ട് സ്റ്റേഷൻ.
ആശുപത്രി എംപ്ലോയീസ് സഹകരണസംഘത്തിനാണ് ഇതിന്റെ നടത്തിപ്പുകരാർ. രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശുപത്രിയിലെത്തുന്നവർക്കും പ്രാഥിമാകാവശ്യങ്ങൾക്കുവേണ്ടിയാണ് കംഫർട്ട് സ്റ്റേഷൻ രാവും പകലും പ്രവർത്തിക്കുന്നത്.
ടാങ്കിന്റെ പരിസരത്തെ മലിനവെള്ളത്തിൽ കൊതുകുകളും കൂത്താടികളും പുഴുക്കളും നിറഞ്ഞിരിക്കുകയാണ്. അധികൃതർ അടിയന്തരമായി ഇടപെട്ടു പരിഹാരം കണ്ടെത്തണമെന്നു രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.