മുരിക്കുങ്ങല്‍ റോഡിൽ ഗര്‍ത്തം: യാത്രക്കാർ ഭീതിയിൽ
1578382
Thursday, July 24, 2025 1:48 AM IST
കോടാലി: പൂവാലിത്തോട് പാലത്തിനുസമീപം മുരിക്കുങ്ങലിലേക്കുള്ള റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതുവഴിയുള്ള യാത്ര അപകടഭീഷണിയിലായി. സര്‍വീസ് സ്റ്റേഷന് മുരിക്കുങ്ങല്‍ റോഡിലെ കൾവര്‍ട്ട് പാലത്തിനോടു ചേര്‍ന്നാണ് ടാറിട്ട റോഡില്‍ മണ്ണിടിഞ്ഞ് ആഴത്തിലുള്ള ഗര്‍ത്തം രൂപം കൊണ്ടത്.
മുരിക്കുങ്ങല്‍, താളൂപ്പാടം, മുപ്ലി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോടാലിയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. ഇവിടെ കൊടകര -വെള്ളിക്കുളങ്ങര റോഡില്‍ നിന്ന് മുരിക്കുങ്ങല്‍ ഭാഗത്തേക്ക് തിരിയുന്ന റോഡിൽ പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബിനോടു ചേര്‍ന്നാണ് ഇപ്പോള്‍ ഗര്‍ത്തം ഉണ്ടായിട്ടുള്ളത്.
യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കാനായി ഗര്‍ത്തത്തിനു ചുറ്റും കല്ലുകള്‍ സ്ഥാപിച്ച് താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കയാണ് നാട്ടുകാര്‍.
റോഡിന്റെ ദുര്‍ബലാവസ്ഥക്കു പരിഹാരം കാണാന്‍ അടിയന്തിരനടപടി ഉണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് എത്രയും വേഗം അറ്റകുറ്റപണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് വാര്‍ഡ് അംഗം ലിന്റോ പള്ളിപ്പറമ്പന്‍ അറിയിച്ചു.