മോഡൽ റോഡെന്ന സ്വപ്നം പൂവണിയും; സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചാൽ...
1578608
Friday, July 25, 2025 1:09 AM IST
തൃശൂർ: അയ്യന്തോൾ മോഡൽ റോഡിന്റെ നിർമാണപ്രവർത്തങ്ങൾക്കായുള്ള നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം. രണ്ടുപതിറ്റാണ്ടു പിന്നിട്ടിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത റോഡിൽ റവന്യു വകുപ്പുംകൂടി ചേർന്ന് സ്ഥലം ഏറ്റെടുക്കൽ എന്ന കടന്പ കടന്നാൽമാത്രമേ ബജറ്റ് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ.
ഗവ. ഉത്തരവുപ്രകാരം അംഗീകരിച്ച തൃശൂർ സിറ്റി കോർപറേഷൻ മാസ്റ്റർ പ്ലാൻ പ്രകാരം 25 മീറ്റർ വീതിയിൽ അലൈൻമെന്റ് സ്കെച്ച് തയാറാക്കണമെന്ന നിർദേശത്തെതുടർന്ന് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽനിന്നു റിവൈസ്ഡ് അലൈൻമെന്റ് സ്കെച്ച് അംഗീകരിച്ചു ലഭ്യമായിട്ടുണ്ട്. എന്നാൽ, സ്കെച്ച് പ്രകാരം ലഭ്യമായ റവന്യൂ ബി ഉത്തരവിലെ 35 സർവേ നന്പറുകൾ കൂടാതെ എട്ടു സർവേ നന്പറുകൾകൂടി അധികമായി ഉൾപ്പെടുത്തി റവന്യു വകുപ്പുമായി ചേർന്നു സ്ഥലമേറ്റെടുപ്പു നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചാൽമാത്രമേ മോഡൽ റോഡ് നിർമാണം എന്ന സ്വപ്നം പൂവണിയുകയുള്ളൂ എന്നതാണ് യാഥാർഥ്യം. അതത്ര പെട്ടെന്നു നടപ്പിലാകുന്നതുമല്ല.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടുലക്ഷം രൂപയോളം ചെലവഴിച്ച് കൾവർട്ടും ഡ്രെയ്ൻ പ്രവൃത്തികളും നേരത്തേ പൂർത്തീകരിച്ചിട്ടുണ്ട്. മൂന്നുഘട്ടങ്ങളിലായി 2024 ൽ ജൂണ് 21 ന് ആരംഭിച്ച നിർമാണപ്രവൃത്തികൾ 2016 മേയ് 15 ന് അവസാനിക്കുകയായിരുന്നു. ബാക്കി പണികൾക്കു 2020 ഒക്ടോബർ 23 ന് ഭരണാനുമതി ലഭിക്കുകയും 20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 19 ന് അയ്യന്തോളിൽ യുവാവ് അപകടത്തിൽ മരിച്ചതിനെതുടർന്നാണ് റോഡ് നിർമാണം വീണ്ടും ചർച്ചയായത്. ഇതുസംബന്ധിച്ച് ടൂവീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ പൊതുമരാമത്തുമന്ത്രിക്കു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ നിർമാണ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശിച്ചിട്ടുള്ളത്.