വിഎസ്: ലാലൂരിനായി ഉറവിടമാലിന്യ സംസ്കരണം മുന്നോട്ടുവച്ച മുഖ്യമന്ത്രി
1578393
Thursday, July 24, 2025 1:48 AM IST
തൃശൂർ: ലാലൂരിനെ മാലിന്യത്തിൽനിന്നു മോചിപ്പിക്കാൻ ഉറവിടമാലിന്യസംസ്കരണമെന്ന ആശയം മുന്പോട്ടുവച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദനെന്നു ലാലൂർ മലിനീകരണവിരുദ്ധ സമരസമിതി അനുസ്മരിച്ചു.
പതിറ്റാണ്ടുകളായി മാലിന്യവിരുദ്ധസമരത്തിലേർപ്പെട്ടിരുന്ന സമരസമിതിയെ ചർച്ചയ്ക്കുവിളിച്ച് വികേന്ദ്രീകൃത മാലിന്യസംസ്കരണം നടപ്പാക്കാൻ കാർഷികസർവകലാശാലയുമായി കരാറുണ്ടാക്കിയതു വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു. സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പത്തിയൂർ ഗോപിനാഥിനെ നോഡൽ ഓഫീസറായി നിയമിക്കുകയും പ്രവർത്തനത്തിനായി 9.4 കോടി രൂപ അനുവദിക്കുകയും അതിൽ 94 ലക്ഷം രൂപ ഉടൻ കൈമാറുകയും ചെയ്തു.
ഉറവിടമാലിന്യ സംസ്കരണം എന്ന ആശയം മുന്പോട്ടുവച്ച മുഖ്യമന്ത്രിയുടെ ആശയം പിന്നീടു വളരെയധികം ചർച്ചചെയ്യപ്പെട്ടു. ഇതിനുശേഷമാണ് അനിശ്ചിതകാല നിരാഹാരസമരം ലാലൂർ മലിനീകരണവിരുദ്ധ സമരസമിതി അവസാനിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും സമരസമിതിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയാണ് ഇത്രയും കാര്യങ്ങൾ വിഎസ് നടപ്പാക്കിയതെന്നും സമരസമിതി അനുശോചനയോഗം ഓർമിച്ചു.
യോഗത്തിൽ ലാലൂർ മലിനീകരണവിരുദ്ധ സമരസമിതി ചെയർമാൻ ടി.കെ. വാസു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. രഘുനാഥ് കഴുങ്കിൽ, കൺവീനർ സി.പി. ജോസ്, കെ.ജി. അനിൽകുമാർ, സുനിൽ ലാലൂർ, കെ.യു. പ്രഭാകരൻ, ലൂവിസ് താഴത്ത്, കെ.കെ. ഓമന, കെ.ജി. ഉണ്ണികൃഷ്ണൻ, ബേബി മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.