തെക്കുംകരയിലും പുന്നയൂർക്കുളത്തും തെരുവുനായ്ശല്യം രൂക്ഷം
1578601
Friday, July 25, 2025 1:08 AM IST
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ശല്യം രൂക്ഷമാകുന്നു. ടെറസ് വീടുകൾക്കുമുകളിൽ കഴുകി ഉണക്കാൻ ഇടുന്ന തുണികളും ചവിട്ടുപടിയിൽ ഊരിയിടുന്ന ചെരിപ്പുകളും കടിച്ചുകൊണ്ടുപോയി നശിപ്പിക്കുന്നതും നിത്യസംഭവമാണ്.
രാവിലെ പ്രഭാതസവാരിക്കുപോകുന്നവരെയും പത്രവിതരണക്കാരെയും പുലർച്ചെ പാൽ അളക്കാൻ ക്ഷീരസംഘങ്ങളിൽ എത്തുന്നവരെയും സ്കൂളിൽ പോകുന്ന വിദ്യാർഥികളെയും ഓടിവന്ന് ആക്രമിക്കുന്നതും നിത്യസംഭവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞദിവസം പിഞ്ചുകുഞ്ഞുൾപ്പടെ ആറുപേരെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. പഞ്ചായത്തിലെ 18 വാർഡുകളിലും പ്രത്യേകിച്ച് പുന്നംപറമ്പ് സെന്ററിലും നായ്ക്കളുടെ ശല്യം കൂടുകയാണ്. നായ്ക്കൾ തമ്മിൽ കടികൂടി റോഡിലൂടെ ഓടുന്ന നായ്ക്കൾ ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാണ്.
ആളൊഴിഞ്ഞ വീടുകളിലും കല്യാണമണ്ഡപങ്ങളിലും തങ്ങുന്ന നായ്ക്കൾ പലപ്പോഴും വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. തെരുവുനായ്ക്കളെ പിടികൂടാൻ ഉടൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുന്നയൂർക്കുളം: വടക്കേക്കാട്, പുന്നയൂർക്കുളം മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായി; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. പ്രദേശത്ത് അലഞ്ഞുനടക്കുന്ന നായ്ക്കൾ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കു നേരെ ചാടിവീഴുന്ന നായ്ക്കൾ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മുക്കിലപ്പീടിക, എടക്കര റോഡ്, നാലാംകല്ല്, ആറ്റുപുറം, കല്ലിങ്ങൽ എന്നിവിടങ്ങളിലാണ് തെരുവുനായ് ശല്യം രൂക്ഷമായിട്ടുള്ളത്. ഇറച്ചിക്കടകളിലെയും മറ്റും അവശിഷ്ടങ്ങൾ പൊതുനിരത്തിലും പൊന്തക്കാടുകളിലും തള്ളുന്നതാണ് നായ്ക്കൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. തെരുവുനായ് ശല്യം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരനടപടി വേണമെന്നാണ് ആവശ്യം.