കൊലക്കേസ് പ്രതിയെ ബംഗാളിൽനിന്ന് പിടികൂടി
1578842
Saturday, July 26, 2025 12:55 AM IST
ചേർപ്പ്: ജാമ്യത്തിലിറങ്ങി ഒളിവിൽപോയ കൊലക്കേസ് പ്രതിയെ പശ്ചിമബംഗാളിൽ നിന്നും ചേർപ്പ് പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ ഹൂബ്ലി ഷേർഫുലി സേരംപോർ സ്വദേശി ബീരു(31) ആണ് പിടിയിലായത്.
ചേർപ്പ് പെരിഞ്ചേരിയിൽ താമസിച്ചിരുന്ന സ്വർണപ്പണിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മൻസൂർ മാലിക്കിനെ കൊലചെയ്ത കേസിലെ പ്രതിയാണ്. ഒളിവിൽപോയ ഇയാളെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2021 ഡിസംബറിലാണ് കൊലപാതകം നടന്നത്.
പെരിഞ്ചേരിയിലെ വാടകവീട്ടിൽ മുകൾ നിലയിൽ മൻസൂർ മാലിക്കും കൂടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. മൻസൂർമാലിക്കിന്റെ ഭാര്യയുടെ കാമുകനായ ബീരു മൻസൂറിന് മദ്യം നൽകി ബോധരഹിതനാക്കി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി വീടിനുപിറകിൽ കുഴിച്ചുമൂടുകയിരുന്നു.
ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ദ്, എഎസ്ഐ ജോയ് തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ റിൻസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.