പെരിങ്ങൽകുത്തിലെ ജലനിരപ്പ് താഴ്ത്തണം: പുഴസംരക്ഷണസമിതി
1578384
Thursday, July 24, 2025 1:48 AM IST
ചാലക്കുടി: പെരിങ്ങൽകുത്തിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ചാലക്കുടി പുഴയ്ക്കു കുറുകയുള്ള എല്ലാ അണക്കെട്ടുകളും പൂർണസംഭരണശേഷിയോടടുത്തതോടെ പുഴത്തടത്തിലെ വെള്ളപ്പൊക്കഭീഷണി വർധിച്ചിരിക്കയാണ്. ഏറ്റവും മുകളിലുള്ള തമിഴ്നാട് ഷോളയാർ ഡാമിൽ ആഴ്ചകളായി ജലനിരപ്പും സംഭരണവും 100 ശതമാനത്തിനടുത്താണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെനിന്ന് അധികജലം കേരള ഷോളയാറിലേക്ക് തുറന്നുവിടുന്ന സാഹചര്യമുണ്ടായി.
ജലനിരപ്പ് 1823.24 അടി എത്തിയതോടെ ഇന്നലെ രാവിലെ 10ന് പറമ്പിക്കുളത്ത് മൂന്നാമത്തെ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ശക്തമായ മഴപെയ്താൽ അവിടെനിന്ന് അടുത്തദിവസങ്ങളിൽ പെരിങ്ങൽക്കുത്തിലേക്ക് വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ട്.
കേരള ഷോളയാറിൽ ഇന്നലെ 86 ശതമാനം ജലമുണ്ട്. കഴിഞ്ഞ നാലു ദിവസംകൊണ്ട് 12 ശതമാനമാണ് ഇവിടെ സംഭരണം വർധിച്ചത്. ഇടനാട്ടിലും കിഴക്കൻ മേഖലകളിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.
ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാലും മുകളിലെ അണക്കെട്ടുകളിൽ നിന്ന് ഏതുസമയത്തും വെള്ളം തുറന്നു വിടാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പുഴത്തടത്തിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനായി പുഴയിലെ ജലനിരപ്പ് ഇനിയും അധികം വർധിക്കുന്നതിനു മുന്പുതന്നെ പെരിങ്ങൽകുത്തിൽനിന്ന് അടിയന്തരമായി ഒരു സ്ലുയിസ് വാൽവ് എങ്കിലും തുറന്ന് ജലനിരപ്പ് താഴ്ത്താൻ അധികൃതർ തയ്യാറാവണമെന്ന് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം, ജല ജാഗ്രത സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.