ചൂണ്ടലിൽ ബസപകടം; ആറുപേർക്ക് പരിക്ക്
1578836
Saturday, July 26, 2025 12:54 AM IST
ചൂണ്ടൽ: ചൂണ്ടലിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് പറമ്പിലേക്കുമറിഞ്ഞ് ആറുപേർക്കു പരിക്കേറ്റു. കുന്നംകുളത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന വിനായക എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബസ് റോഡിന് ഇടതുഭാഗത്തെ കാനയിലേക്കു ചെരിയുകയും തൊട്ടടുത്ത വീടിന്റെ മതിലിനോടുചേർന്ന് മറിഞ്ഞു നിൽക്കുകയുമായിരുന്നു.
ബസ് പൂർണമായും മറിയാത്തതിനാൽ വൻദുരന്തം ഒഴിവായി. റോഡ്സൈഡിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ അപകടത്തിൽ തകർന്നു.
കുന്നംകുളത്തുനിന്നും കേച്ചേരിയിൽനിന്നും ആംബുലൻസുകളെത്തിയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. പരിക്കേറ്റവരെ മലങ്കര, യൂണിറ്റി, റോയൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ഹൈവേയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.