അപകടാവസ്ഥയിലായ കെട്ടിടത്തിൽനിന്നു മാറ്റിയിട്ടും ദുരിതംമാറാതെ വിദ്യാർഥികൾ
1578378
Thursday, July 24, 2025 1:48 AM IST
സ്വന്തം ലേഖകൻ
തിരുവില്വാമല: പാന്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിലെ കുട്ടികൾ പുതിയ അധ്യയനവർഷത്തിൽ പഴയ കെട്ടിടത്തിൽനിന്നു മാറിയിട്ടും ദുരിതം തീരുന്നില്ല. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലുള്ള ലൈബ്രറി ഹാളിലേക്കും എട്ടാംക്ലാസ് പ്രവർത്തിക്കുന്ന ക്ലാസ് മുറിയിലേക്കുമാണു കുട്ടികളെ മാറ്റിയത്. ലൈബ്രറി കെട്ടിടം മഴയിൽ ചോർന്നൊലിക്കും. ഷീറ്റ് മേഞ്ഞ ഭാഗത്തെ സീലിംഗ് അടർന്നുവീഴാറായ നിലയിലാണ്.
128 വർഷം പഴക്കമുള്ള കെട്ടിടത്തിലായിരുന്നു ഇതുവരെ പഠനം. ഈ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയെങ്കിലും മേൽക്കൂരയുടെ കഴുക്കോലും ഓടുമെല്ലാം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായിരുന്നു. ഇതേക്കുറിച്ചു ജൂണ്‍ നാലിനു ദീപിക വാർത്തയും നൽകി.
കഴിഞ്ഞദിവസമാണു കുട്ടികളെ പുതിയ സ്ഥലത്തേക്കു മാറ്റിയത്. യുപി വിഭാഗത്തിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ ഓരോ ഡിവിഷനാണുള്ളത്. ഇതിൽ രണ്ടെണ്ണം ലൈബ്രറി ഹാളിലേക്കും ഒരെണ്ണം എട്ടാംക്ലാസിലേക്കും മാറ്റി.
ശോച്യാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സ് കൂളിൽനിന്നു കുട്ടികളെ മാറ്റുന്ന കാര്യം ആലോചിക്കുമെന്നു രക്ഷിതാക്കളും പറയുന്നു.