റോഡരികിൽ മാലിന്യംതള്ളിയ മൂന്നു തട്ടുകടകൾ അടപ്പിച്ചു
1578840
Saturday, July 26, 2025 12:55 AM IST
ആമ്പല്ലൂർ: റോഡരികില്‍ വൻതോതിൽ മാലിന്യംതള്ളിയ തട്ടുകടകൾ അധികൃതർ അടപ്പിച്ചു. ആമ്പല്ലൂരിൽ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചേട്ടന്റെ കട, അപ്പു തട്ടുകട, കുളു തട്ടുകട എന്നിവയാണ് അളഗപ്പനഗര്‍ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് അടപ്പിച്ചത്. തട്ടുകടകളിൽ നിന്ന് 25,000 രൂപ വീതം പിഴയും ഈടാക്കിയിട്ടുണ്ട്.
രാത്രിയിലാണ് ഇവിടെ മാലിന്യംതള്ളുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കടകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നതായും തട്ടുകടയുടെ പിറകിലെ പറമ്പിലും മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നതായും അധികൃതർ കണ്ടെത്തി.
മേഖലയില്‍ പലയിടങ്ങളിലായി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും ഹോട്ടലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പിടിക്കപ്പെടും എന്നായപ്പോൾ കടയുടമകൾ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്.
തട്ടുകടക്കാരിൽനിന്നു സ്ഥലമുടമകളിൽ നിന്നും പിഴയീടാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ മാലിന്യം നീക്കം ചെയ്യാനും നിര്‍ദേശം നല്കി.
അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ആര്. രഘു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.പി. ഹരീഷ്, നസ്രീം നവാസ്, സുനേന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.