വോട്ടർപട്ടികയിൽ വ്യാപക പിഴവെന്നു പരാതി
1578846
Saturday, July 26, 2025 12:55 AM IST
തൃശൂർ: കോർപറേഷനിലെ ഡീലിമിറ്റേഷൻ കഴിഞ്ഞ ഡിവിഷനുകളിലെ കരടു വോട്ടർപട്ടികയിൽ വ്യാപകപിഴവെന്നു പരാതി. ഈ ഡിവിഷനുകളിലെ വോട്ടർമാർ മറ്റു ഡിവിഷനുകളിൽ ഇടംപിടിച്ചു. പാട്ടുരായ്ക്കൽ, കുരിയിച്ചിറ, സിവിൽസ്റ്റേഷൻ, ചെന്പുക്കാവ്, മിഷൻ ക്വാർട്ടേഴ്സ് തുടങ്ങിയ ഡിവിഷനുകളിലെ വോട്ടർമാരാണ് മറ്റു ഡിവിഷനുകളിലും ഇടംപിടിച്ചത്.
കരടുപട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിലും ചില ഡിവിഷനുകളിൽ കുറവുണ്ടായി. ചിലയിടത്ത് ആറായിരംവരെ വോട്ടുകൾ വന്നപ്പോൾ ചിലയിടത്തു രണ്ടായിരത്തിൽതാഴെ മാത്രമാണ്. പുതുതായി വന്ന തിരുവന്പാടി ഡിവിഷനിൽ ആകെ വോട്ടർമാർ 2268 മാത്രമാണ്. നടത്തറ ഡിവിഷൻ പേരുമാറി കൃഷ്ണപുരമായപ്പോൾ വോട്ടർമാരുടെ എണ്ണം 6717 ആയി. വോട്ടുചേർക്കുന്പോൾ ഇതിനിയും വർധിക്കും. വോട്ടുകൾ ക്രമീകരിച്ചതിൽ പിഴവുണ്ടായിട്ടുണ്ട്.
കോർപറേഷനിലെ സിപിഎം നേതൃത്വം ഡിവിഷനുകളിൽ നടത്തിയ ക്രമക്കേടാണു തെളിവുസഹിതം പുറത്തുവന്നതെന്നു കെപിസിസി സെക്രട്ടറിയും കൗണ്‍സിലറുമായ ജോണ്‍ ഡാനിയൽ ആരോപിച്ചു.
ജയിക്കാനാവശ്യമായ രീതിയിൽ ഡിവിഷനുകൾ പുനഃക്രമീകരിച്ചപ്പോൾ വോട്ടുകൾ ക്രമീകരിക്കുന്നതിൽ അബദ്ധംപറ്റി. പല ഡിവിഷനുകളിലും വോട്ടുകൾ കുറഞ്ഞപ്പോൾ തൊട്ടടുത്ത ഡിവിഷനിൽനിന്ന് ഉൾപ്പെടുത്തിയതാണു കാണാൻ കഴിഞ്ഞത്. ഡിവിഷനുകളിൽനിന്നു മാറ്റിയ വോട്ടുകൾ അതാതു ഡിവിഷനിലേക്കു ചേർക്കണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ സെക്രട്ടറിക്കു രേഖാമൂലം പരാതിനൽകി. പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.