തൃശൂരിലും അരിച്ചുപെറുക്കി, ഗോവിന്ദച്ചാമിക്കായി
1578848
Saturday, July 26, 2025 12:55 AM IST
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ഗോവിന്ദച്ചാമി ചാടിയ വിവരം ലഭിച്ചയുടൻ തൃശൂരിൽ പോലീസ് സംഘം ആ ക്രിമിനലിനായി വ്യാപകതെരച്ചിൽ ആരംഭിച്ചിരുന്നു. കണ്ണൂരിൽനിന്നു തൃശൂരിലേക്കെത്താൻ സമയമെടുക്കുമെങ്കിലും രാത്രിയിൽ ജയിൽ ചാടിയിട്ടുണ്ടെങ്കിൽ രാവിലെയോടെ ഗോവിന്ദച്ചാമി തൃശൂരിലെത്തിയിരിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്നലെ തൃശൂർ സിറ്റി, റൂറൽ പോലീസ് ജില്ലയാകെ അരിച്ചുപെറുക്കിയത്.
ഓരോ പോലീസ് സ്റ്റേഷനിൽനിന്നും രണ്ടു ടീമുകളെവീതം അതാതു സ്റ്റേഷൻ പരിധിയിലെ പരിശോധനയ്ക്കായി നിയോഗിച്ചിരുന്നു. സകലയിടത്തും പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് കണ്ണൂരിൽനിന്നുതന്നെ ഗോവിന്ദച്ചാമിയെ പിടികൂടിയ വാർത്ത വന്നത്.
സൗമ്യകേസും ഗോവിന്ദച്ചാമിയുമെല്ലാം തൃശൂരിന് ഏറെ പരിചിതമായതുകൊണ്ടുതന്നെ തൃശൂർക്കാരും ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഞെട്ടലോടെയാണ് കേട്ടത്.
കേരളം വിട്ടാൽ ഗോവിന്ദച്ചാമിയെ
പിടികിട്ടാൻ എളുപ്പമല്ല
തൃശൂർ: ജയിൽചാടി മണിക്കൂറുകൾക്കുള്ളിൽ ഗോവിന്ദച്ചാമിയെന്ന കൊടുംകുറ്റവാളിയെ പിടികൂടാൻ സാധിച്ചതു ഭാഗ്യംകൊണ്ടുമാത്രം. പല സംസ്ഥാനങ്ങളിലും ബന്ധങ്ങളുള്ള ഈ ക്രിമിനൽ കേരളം വിട്ടിരുന്നെങ്കിൽ പിടികൂടുക പോലീസിന് ഒട്ടും എളുപ്പമാകുമായിരുന്നില്ല.
തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഗോവിന്ദച്ചാമിക്കു ബന്ധങ്ങളുണ്ട്. അതും ക്രിമിനലുകളുമായുള്ള അടുത്ത ബന്ധം. ആന്ധ്രയിലെ ചില ഭാഗങ്ങളിലുള്ള നക്സൽ ഗ്രൂപ്പുകളായിവരെ ഗോവിന്ദച്ചാമിക്ക് അടുത്ത ബന്ധമുള്ളതായി നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാൻ ലക്ഷങ്ങൾ മുടക്കാൻ പുറമേനിന്ന് ആളുകൾ വന്നപ്പോഴാണ് ഈ കൊടുംക്രിമിനലിന്റെ ബന്ധങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.