മറിയം ആലുക്കയുടെ ത്രിഫ്റ്റ് മാർക്കറ്റ് ഏറ്റെടുത്ത് തൃശൂർ
1578849
Saturday, July 26, 2025 12:55 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഒരു നോക്കിൽ തോന്നിയ ചിന്ത, ഹൃദയങ്ങൾ കീഴടക്കി മുന്നോട്ട്. ഇഷ്ടവസ്ത്രങ്ങളിൽ ചാരിറ്റിആശയം കണ്ടെത്തിയ പതിനൊന്നാംക്ലാസുകാരി മറിയം ആലുക്കയുടെ മനസിൽ വിരിഞ്ഞ ആശയം ഇരുകൈയുംനീട്ടി സ്വീകരിച്ച് തൃശൂർ ജനത. സെക്കൻഡ് ചാൻസ് ത്രിഫ്റ്റ് മാർക്കറ്റ് വൻവിജയം.
ആളുകളിൽനിന്ന് അവർ ഉപയോഗിക്കാത്തതും അധികം ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങളും വസ്തുക്കളും സ്വീകരിച്ച്, വൃത്തിയാക്കി, ചുരുങ്ങിയ നിരക്കിൽ വില്പന നടത്തുക, അതിലൂടെ ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കു നൽകുക എന്ന മറിയത്തിന്റെ നല്ല മനസിനു വീട്ടുകാരും കൂട്ടുകാരും കൈകോർത്തതോടെ ആശയം ഗംഭീരവിജയമാവുകയായിരുന്നു.
ബംഗളൂരു ഹാരോ ഇന്റർനാഷനൽ സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിനിയായ മറിയം അവധിക്കാലത്തു നാട്ടിലെത്തിയപ്പോഴാണ് തന്റെ ഇഷ്ടവസ്ത്രങ്ങളുടെ വാർഡ്രോബ് വെറുതെയൊന്നു തുറന്നുനോക്കിയത്. ഒരുകാലത്തു താൻ ധരിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും അധികം ധരിക്കാത്തതുമായ വസ്ത്രങ്ങളുടെ ശേഖരം ശ്രദ്ധയിൽപ്പെട്ടു.
ഓർമയിൽപോലും ഇല്ലാതിരുന്ന വസ്ത്രങ്ങൾ തനിക്കിനി വേണ്ടിവരില്ല. എന്നാൽ, മറ്റുള്ളവർക്ക് ഇതാകാം ഏറെ പ്രിയപ്പെട്ട സമ്മാനം എന്ന ചിന്തയും ഉദിച്ചു. അവിടെനിന്നാണ് മലയാളികൾക്ക് അധികം പരിചിതമല്ലാത്ത ത്രിഫ്റ്റ് മാർക്കറ്റ് എന്ന ആശയത്തിനു തുടക്കം. ഇതിന്റെ ഭാഗമായി സെക്കൻഡ് ചാൻസ് എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും തുടങ്ങി തന്റെ ആഗ്രഹം മറിയം പങ്കുവച്ചു.
ഒരുമാസംമുന്പാണ് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും നല്ലനിലയിലുള്ള വസ്ത്രങ്ങളും ചെരിപ്പുകളും പുസ്തകങ്ങളും ശേഖരിക്കുന്നതിനു തുടക്കമിട്ടത്. തുടർന്നു സ്വന്തം കൈകൾകൊണ്ടുതന്നെ അവ വൃത്തിയാക്കി, വില്പനയ്ക്കായി സജ്ജമാക്കുകയുമായിരുന്നു.
എംജി റോഡിലെ ആലുക്കാസ് ബിൽഡിംഗിൽ ഒരുക്കിയ ത്രിഫ്റ്റ് മാർക്കറ്റിൽ വിമൻസ്, മെൻസ്, കിഡ്സ് വെയറുകൾ, ഷൂസ്, ബാഗ്, പുസ്തകങ്ങൾ തുടങ്ങി വിവിധങ്ങളായ വസ്തുക്കളാണ് വില്പനയ്ക്കായി ഒരുക്കിയത്. ആയിരങ്ങൾ വിലവരുന്ന വസ്തുക്കളാണെങ്കിലും ഇവിടെ അതിനു 59 രൂപ മുതൽ 600 രൂപയ്ക്കുതാഴെ മാത്രമേ വിലവരുന്നുള്ളൂ.
ഒരു വസ്ത്രംകൊണ്ടെങ്കിലും മറ്റൊരാളുടെ ആത്മാവിൽ ചിരിയുണ്ടാക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന മറിയത്തിന്റെ വാക്കുകൾ വെറുംവാക്കല്ല, അതൊരു യുവതയുടെ ലക്ഷ്യപ്രഖ്യാപനംതന്നെയാണ്. വിൽക്കാതെ ശേഷിക്കുന്ന വസ്ത്രങ്ങൾ ചാരിറ്റിയിലേക്കു നൽകുമെന്നും വില്പനയിൽനിന്നു കിട്ടുന്ന മുഴുവൻ വരുമാനവും അതിലേക്കാകുമെന്നും മറിയം ഉറപ്പുപറയുന്നു.
ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കയുടെയും സ്മിത ആലുക്കയുടെയും മകളായ മറിയം വരുംവർഷങ്ങളിലും വിപുലമായ രീതിയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ പത്തുമുതൽ രാത്രി ഏഴുവരെ നടക്കുന്ന സെക്കൻഡ് ചാൻസ് ത്രിഫ്റ്റ് മാർക്കറ്റ് ഇന്നു സമാപിക്കും.