ജൂബിലിയിൽ കെമിക്കൽ ബയോളജി നാഷണൽ സിന്പോസിയം
1578375
Thursday, July 24, 2025 1:48 AM IST
തൃശൂർ: കെമിക്കൽ ബയോളജി ആൻഡ് ഡ്രഗ് ഡിസൈൻ എന്ന വിഷയത്തെ ആസ്പദമാക്കി ജൂബിലി ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സിന്പോസിയം സംഘടിപ്പിച്ചു. മൂന്നു സംസ്ഥാനങ്ങളിൽനിന്നായി തൊണ്ണൂറോളംപേർ പങ്കെടുത്തു.
ആധുനിക കോശ എൻജിനീയറിംഗിലൂടെ കാൻസറിനെതിരായി മരുന്നു വികസിപ്പിക്കുന്നതിനെപ്പറ്റി ഡോ.ടി.ആർ. സന്തോഷ്കുമാർ (ആർജിസിബി തിരുവനന്തപുരം) പ്രബന്ധം അവതരിപ്പിച്ചു. മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയക്കെതിരേ മരുന്നുഗവേഷണത്തിനു സഹായിക്കുന്ന വിവിധതരം കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങളെപ്പറ്റി ഡോ. സിനോഷ് സ്കറിയാച്ചൻ (സെന്റ് പയസ് കോളജ്, കാസർഗോഡ്)വിവരിച്ചു.
കംപ്യൂട്ടേഷണൽ കെമിസ്ട്രിയും ബയോളജിയും എങ്ങനെ മരുന്നു വികസിപ്പിക്കാൻ ഉപയോഗിക്കാമെന്നു ഡോ. സുസ്മിത ഡേ (കാലിക്കട്ട് യൂണിവേഴ്സിറ്റി) വിശദീകരിച്ചു. ഡോ. ജിതേഷ് കോട്ടൂർ(വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം), ഡോ. രമ്യ ചന്ദ്രൻ (ജൂബിലി, തൃശൂർ) എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സിന്പോസിയത്തിൽ അവതരിപ്പിച്ച 45 പ്രബന്ധങ്ങളുടെ സംക്ഷിപ്തരൂപം പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ പ്രകാശനം ജൂബിലി അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര റിസർച്ച് ഡയറക്ടർ ഡോ. ഡി.എം. വാസുദേവനു നൽകി നിർവഹിച്ചു. ഡോ. ദിലീപ് വിജയൻ സ്വാഗതവും ഡോ. പി.ആർ. വർഗീസ് നന്ദിയും രേഖപ്പെടുത്തി.
ഡോ. വി.ജെ. ഷൈൻ (ആർജിസിബി, തിരുവനന്തപുരം) മികച്ച പ്രബന്ധ അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടു. ഹിമശ്രീ (ജൂബിലി), ആർ. പാർവതി (കേരള യൂണിവേഴ്സിറ്റി), ടി. അമൃത (യെനൊപോയ യൂണിവേഴ്സിറ്റി) എന്നിവർക്കു പോസ്റ്റർ വിഭാഗത്തിൽ അവാർഡുകൾ ലഭിച്ചു.