പാലുമായിപ്പോയ വാഹനം മറിഞ്ഞു
1578616
Friday, July 25, 2025 1:09 AM IST
മേലൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ പാൽസംഭരണകേന്ദ്രങ്ങളിൽനിന്നു പാൽ ശേഖരിച്ചുപോകുകയായിരുന്ന പിക്കപ്പ് വാഹനം തലകീഴായി മറിഞ്ഞു. ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ എട്ടോടെ മേലൂർ ജംഗ്ഷനിലെ റേഷൻ കടയ്ക്കുസമീപമാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി മുന്നിലെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് വാഹനം തലകീഴായി മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ വാഹനം ഉയർത്തി ഡ്രൈവറെ പുറത്തെടുത്തു. വാഹനത്തിനു ഭാഗികമായി കേടുപാടു സംഭവിച്ചു. വിവിധ കേന്ദ്രങ്ങളിൽനിന്നു ശേഖരിച്ച 700 ലിറ്ററോളം പാൽ സെൻട്രൽ യൂണിറ്റിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാൽ ശേഖരിച്ചിരുന്ന ജാറുകൾ റോഡിലേക്കുവീണ് പാലുമുഴുവൻ റോഡിൽ ഒലിച്ചുപോയി.