സുപ്രീംകോടതി പരാമർശങ്ങൾ കേന്ദ്രത്തിനുള്ള തിരിച്ചടി: എൻസിപി -എസ്
1578389
Thursday, July 24, 2025 1:48 AM IST
തൃശൂർ: പ്രതിപക്ഷകക്ഷികൾക്കും നേതാക്കൾക്കുമെതിരേ ഇഡിയെ ആയുധമാക്കുന്ന കേന്ദ്രസർക്കാരിനെതിരേയുള്ള അതിശക്തമായ തിരിച്ചടിയാണു സുപ്രീംകോടതിയുടെ പരാമർശങ്ങളെന്ന് എൻസിപി - എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻമാസ്റ്റർ അഭിപ്രായപെട്ടു. എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ എട്ടാം ചരമവാർഷികദിനത്തിൽ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്സിതമാർഗങ്ങളിലൂടെ സർവാധിപത്യം അടിച്ചേൽപ്പിക്കാനുള്ള നിഗൂഢശ്രമങ്ങളിൽനിന്നു കേന്ദ്രം പിൻമാറുന്നില്ലെങ്കിൽ ജനങ്ങളിൽനിന്നു കൂടുതൽ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസെക്രട്ടറി അഡ്വ. രഘു കെ. മാരാത്ത് മുഖ്യപ്രഭാഷണം നടത്തി. എൻഎംസി അഖിലേന്ത്യ ജനറൽ സെക്രട്ടറി എം. പദ്മിനി, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ഇ.എ. ദിനമണി, വിശാലാക്ഷി മല്ലിശേരി, എൻവൈസി സംസ്ഥാനപ്രസിഡന്റ് സി.ആർ. സജിത്ത്, ജില്ലാ ഭാരവാഹികളായ യു.കെ. ഗോപാലൻ, കെ.എം. സൈനുദീൻ, സി.കെ. രാധാകൃഷ്ണൻ, ടി.ജി. സുന്ദർലാൽ, വി.എം. നയന, അഡ്വ. കെ.എൻ. വിവേകാനന്ദൻ, ഷിജു കീടായി, വിജിത വിനുകുമാർ എന്നിവർ പ്രസംഗിച്ചു. വിഎസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.