കുഴികൾ നിരന്തരം മൂടി സുരക്ഷ ഉറപ്പാക്കണം: ജില്ലാ കളക്ടർ
1578845
Saturday, July 26, 2025 12:55 AM IST
തൃശൂർ: റോഡുകളിലെ കുഴികൾ നിരന്തരം അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു മുൻയോഗങ്ങളിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മഴക്കാലപ്രവൃത്തികൾ അവലോകനംചെയ്യാൻ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിൽ കളക്ടർ നിർദേശം നൽകി.
സ്കൂളുകളുടെ ഫിറ്റ്നസ് തദ്ദേശ പൊതുമരാമത്ത് എൻജിനീയറോ സർട്ടിഫൈഡ് സ്ട്രക്ചറൽ എൻജിനീയറോ പരിശോധിച്ചെന്നും ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ അധ്യയനം നടക്കുന്നില്ലെന്ന് അതാതു തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. സ്കൂളുകളിലേക്കുള്ള വഴികൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുളള വൈദ്യുതി പോസ്റ്റുകൾ, കന്പികൾ എന്നിവ മാറ്റാൻ കെഎസ്ഇബിക്കു നിർദേശം നൽകി.
ചേർപ്പ്- പുള്ള് മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തി. ചാഴൂർ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു ചണ്ടി, കുളവാഴ എന്നിവ നീക്കുന്ന നടപടിയും ചേർപ്പ് പഞ്ചായത്ത് ഫണ്ടുപയോഗിച്ചു ജലസേചനവകുപ്പ് വിവിധയിടങ്ങളിൽ നിർമാണം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്ലൂയിസ്, ബണ്ടുകൾ എന്നിവ തുറക്കാൻ ഉത്തരവു നൽകിയെന്നു സബ് കളക്ടർ അറിയിച്ചു. പ്രദേശത്തു സ്ഥിരമായ ദുരിതാശ്വാസ ക്യാന്പ് തുറക്കാനുള്ള സ്ഥലം കണ്ടെത്തി സർക്കാരിലേക്ക് അയയ്ക്കാൻ തൃശൂർ തഹസിൽദാർക്കും എസ്റ്റിമേറ്റ് തയാറാക്കാൻ പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിനും കളക്ടർ നിർദേശം നൽകി.
കമാൻഡോമുഖത്തു സ്ഥിരമായി എഫ്ആർപി ഷട്ടർ സ്ഥാപിക്കാൻ നാട്ടിക എംഎൽഎയുടെ ഫണ്ട് ഉപയോഗിക്കുമെന്നും മുനയത്തെ താത്കാലിക ബണ്ടിലെ മണ്ണു നീക്കിത്തുടങ്ങിയെന്നും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മണ്ണിടിച്ചിലുള്ള സ്ഥലങ്ങളിൽ മുൻകരുതലെടുക്കണമെന്നും മഴക്കാലത്തുണ്ടായ നഷ്ടങ്ങളുടെ മൂല്യനിർണയം വേഗത്തിലാക്കണമെന്നും കളക്ടർ നിർദേശിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർ ജി.കെ. പ്രദീപ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ സജു സെബാസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
പുഴയ്ക്കൽവഴി സ്വകാര്യബസുകൾ സർവീസ് നിർത്തുന്നു
തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ശക്തൻ സ്റ്റാൻഡിൽനിന്നു പുഴയ്ക്കൽ വഴി പോകുന്ന എല്ലാ സ്വകാര്യബസുകളും ഓഗസ്റ്റ് അഞ്ചു മുതൽ അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുമെന്നു ബസുടമ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, അസിസ്റ്റന്റ് ആർടിഒ, പോലീസ് കമ്മീഷണർ എന്നിവർക്കു കോഓർഡിനേഷൻ കമ്മിറ്റി നിവേദനം നല്കി.
പൂങ്കുന്നം- മുതുവറ റോഡിലെ കുഴികളിൽ വീണുള്ള അപകടം പെരുകുകയാണ്. ഇരുചക്രവാഹന യാത്രികരടക്കമുള്ള നിരവധിപേർക്കു പരിക്കേൽക്കുകയും മരണവും സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ശോഭ സിറ്റിക്കുമുന്പിൽ പാലംപണി നടക്കുന്നിടത്തു മണിക്കൂറുകളോളമാണു ഗതാഗതക്കുരുക്ക്. ഇതുമൂലം ബസുകളുടെ ട്രിപ്പ് മുടങ്ങുന്നു. മറ്റു വഴികളിലൂടെ സർവീസ് നടത്തേണ്ടിവരുന്നതിനാൽ വൻ ഡീസൽ നഷ്ടമാണ്. അറ്റകുറ്റപ്പണികൾക്കായും വലിയൊരു തുക നഷ്ടപ്പെടുന്നു.
ഇതിനുപുറമേ, പോലീസും മോട്ടോർ വാഹന വകുപ്പും ഭീമമായ ഫൈനുകളും അടപ്പിക്കുന്നു. അയ്യന്തോൾമുതൽ ടൊയോട്ടോയ്ക്കു മുൻവശംവരെയുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. പൂങ്കുന്നം - അമല ഭാഗത്തു റോഡുപണി മന്ദഗതിയിലാണ്. റോഡുപണി നടക്കുന്നിടത്ത് എതിർവശത്തുകൂടി ഇരുചക്രവാഹനങ്ങൾ വരുന്നതു ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ആ ഭാഗങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെയോ കരാർജീവനക്കാരെയോ നിർത്തി കുന്നംകുളത്തുനിന്നു വരുന്ന ചെറുവാഹനങ്ങൾ മുണ്ടൂർ, അമല ഭാഗത്തുനിന്നും തിരിച്ചുവിടാവുന്നതാണെന്നും കോ ഓർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.