മനക്കൊടി - പുള്ള് റോഡിലെ വെള്ളക്കെട്ടിനു ശമനമില്ല
1578838
Saturday, July 26, 2025 12:54 AM IST
അരിമ്പൂർ: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമായ മനക്കൊടി - പുള്ള് റോഡ് കഴിഞ്ഞ രണ്ടുമാസമായി വെള്ളംകയറി അടച്ചതിനാൽ പ്രദേശത്തെ ടൂറിസംമേഖല പൂർണമായും സ്തംഭിച്ചു.
തൃശൂരിൽനിന്ന് തൃപ്രയാറിലേക്കും, കാഞ്ഞാണി - വാടാനപ്പള്ളി ഭാഗത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള എളുപ്പമാർഗമാണ് 60 ദിവസമായി അടഞ്ഞുകിടക്കുന്നത്.
ജില്ലയിൽ ഇത്തരത്തിൽ വെള്ളംകയറി യാത്ര മുടങ്ങിക്കിടക്കുന്ന ഏക പൊതുമരാമത്ത് റോഡാണിത്. വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ അരിമ്പൂർ - ചാഴൂർ പഞ്ചായത്തിലെ കുട്ട വഞ്ചി, പെടസ്ട്രൽ ബോട്ടിംഗ്, കയാക്കിംഗ് എന്നിവയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുംതട്ട് കടകളുടെ പ്രവർത്തനവും നിലച്ചു. ഒട്ടേറെപേരുടെ ഉപജീവനമാർഗങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
തൃശൂർ - കാട്ടൂർ റൂട്ടിൽ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ് ഓട്ടം നിറുത്തുകയും ചെയ്തു. കരുവാലി, കുളവാഴ, ചണ്ടി എന്നിവ മനക്കൊടി പുള്ള് കനാലിനോട് ചേർന്നുള്ള പെരുമ്പുഴ കനാലിൽ അടിഞ്ഞു ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് ഒരു കാരണം.
കൂടാതെ കരുവന്നൂർ പുഴയിലെ മുനയം കെട്ട് പൂർണമായും പൊളിച്ചു നീക്കാത്തതും വെള്ളകെട്ടിന് കാരണമാണ്. മഴക്കാലത്തും വേനലിലും തുടർച്ചയായി മഴ പെയ്താൽ കെഎൽഡിസി കനാലിൽ വെള്ളം നിറഞ്ഞ് പൊതുമരാമത്ത് റോഡ് കരകവിഞ്ഞ് സമീപത്തെ വാരിയംകോൾപടവിലെ കൃഷി നശിക്കുന്നതും ഇവിടെ പതിവാണ്.
മനക്കൊടി അയ്യപ്പക്ഷേത്രം മുതൽ പുള്ള് പാലം വരെയുള്ള ഒന്നേകാൽ കിലോമീറ്റർദൂരത്തിലുള്ള റോഡ് ഒരു മീറ്ററോളം ഉയർത്തുകയാണ് പ്രശ്ന പരിഹാരത്തിനുള്ള ഏകമാർഗമെന്ന് അരിമ്പൂർ പഞ്ചായത്ത് സംയുക്ത പാടശേഖര സമിതി ചെയർമാൻ കെ രാഗേഷ് പറഞ്ഞു. ടൂറിസം മേഖലയിലെ സ്തംഭനവും വാഹന ഗതാഗത നിരോധനവും ശ്രദ്ധയിൽ പെട്ട മുരളി പെരുനെല്ലി എംഎൽഎ സ്ഥലം സന്ദർശിച്ചിരുന്നു.
എംഎൽഎ യുടെ ഇടപെടലിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് എത്തിയ കെഎച്ച് ആർഐ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മനക്കൊടി - പുള്ള് റോഡിലെത്തി പരിശോധന നടത്തിയിരുന്നു. ഇവർ പൊതുമരാമത്ത് വകുപ്പിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അരിമ്പൂരിന്റെ വെള്ളംനിറഞ്ഞുകിടക്കുന്ന കനാലും നെൽപാടങ്ങളുടെ പച്ചപ്പും ഒരുമിപ്പിച്ച് പ്രാദേശിക ടൂറിസം സാധ്യതകൾ പഠിക്കണമെന്നും അത് നടപ്പിലാക്കണമെന്നും റോഡിലെ വെള്ളക്കെട്ടൊഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും ഈ പ്രശ്നത്തിന് മന്ത്രിതല ഇടപെട ആവശ്യപ്പെട്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്താനൊരുങ്ങുകയാണ് സംയുക്ത കർഷക സമിതി ഭാരവാഹികൾ.