കോർപറേഷൻ കെട്ടിടങ്ങൾതന്നെ "മരണവാതിലിൽ’
1578392
Thursday, July 24, 2025 1:48 AM IST
സി.ജി. ജിജാസൽ
തൃശൂർ: അപകടഭീഷണിയുള്ള പഴക്കമുള്ള കെട്ടിടങ്ങൾ സ്വമേധയാ പൊളിച്ചുനീക്കാൻ അടിയന്തരനിർദേശങ്ങൾ നൽകുന്ന കോർപറേഷന്റെ തന്നെ കെട്ടിടങ്ങളും തകർച്ചാഭീഷണിയിൽ.
മഴക്കാലത്ത് ഈർപ്പമേറ്റും കോണ്ക്രീറ്റ് തകർന്നും കന്പികൾ പുറത്തേക്കു കാണിച്ചുമാണ് കോർപറേഷൻ കെട്ടിടങ്ങളുടെ നില്പ്. വൈദ്യുതിവിഭാഗം, എൻജിനീയറിംഗ് വിഭാഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ ഓഫീസ് എന്നിവയടങ്ങിയ കെട്ടിടങ്ങളെല്ലാംതന്നെ ജീവഭയം ഉണർത്തുന്നു.
വൈദ്യുതിവിഭാഗം കെട്ടിടത്തിലെ ചുമർ പൊളിഞ്ഞു കന്പികൾ പുറത്താണ്. സീലിംഗ് തകർന്നിട്ടുണ്ട്. മറ്റു ചില കെട്ടിടങ്ങളിൽ തൂണുകൾ തകർന്നിട്ടുള്ളതും അപകടഭീഷണി ഉയർത്തുന്നുണ്ട്.
അപകടഭീഷണിയുള്ള കെട്ടിടങ്ങൾ ഉടമകൾ സ്വമേധയാ നീക്കണം, അല്ലെങ്കിൽ നിയമനടപടി നേരിടും എന്നു പൊതുജനത്തിനു മേയറുടെ മുന്നറിയിപ്പുണ്ടെങ്കിലും, സ്വന്തം കോന്പൗണ്ടിലെയും ഓഫീസുകളിലെയും കെട്ടിടങ്ങളുടെ ദുരവസ്ഥ കാണാതെപോകുന്നതു വൈരുധ്യമായി മാറുന്നു.
ജീവൻവച്ച് പന്താടുന്നു:
രാജൻ ജെ. പല്ലൻ
സ്റ്റെബിലിറ്റി ഇല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നു പലതവണ പറഞ്ഞിട്ടും കേൾക്കാത്ത കേർപറേഷൻ ഏതാനും നാളുകൾക്കുമുന്പ് ആശുപത്രിക്കെട്ടിടം വീണപ്പോൾമാത്രമാണ് ഉണർന്നത്. ഇപ്പോൾ ഭീഷണിയുള്ള കെട്ടിടങ്ങൾ സ്വമേധയാ പൊളിക്കണമെന്നും അല്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും പറയുന്നു. എന്നാൽ സ്വന്തം ഓഫീസ് വളപ്പിലെ കെട്ടിടങ്ങൾപോലും നോക്കിനന്നാക്കാൻ മേയർക്കോ ഭരണാധികാരികൾക്കോ കഴിയുന്നില്ല.
കോർപറേഷൻ വൈദ്യുതിവിഭാഗം കെട്ടിടത്തിൽ തന്റെ മുന്പിൽവച്ചാണ് ഒരാൾക്കു സീലിംഗ് അടർന്നുവീണ് പരിക്കേറ്റിട്ടുള്ളത്. എന്നിട്ടും കെട്ടിടം ബലപ്പെടുത്താനോ ഉറപ്പുനോക്കാനോ മേയർക്കു നേരമായിട്ടില്ല. ജനങ്ങളുടെ ജീവൻവച്ച് പന്താടുകയാണ് ഇവർ ചെയ്യുന്നത്. ജനം ഇതുവിലയിരുത്തുന്നുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ; പരിഹാരം ഉറപ്പെന്നു മേയർ
താൻ മറ്റുള്ളവരെപ്പോലെയല്ല, പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ. പ്രശ്നങ്ങൾ ന്യായീകരിക്കാനല്ല, പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നത്. നഗരത്തിലെ പഴയ കെട്ടിടങ്ങൾക്കെതിരേ ഭരണത്തിൽ ഇരിക്കുന്പോൾ നടപടികൾ സ്വീകരിക്കാത്തവർ അതിനെ ഇപ്പോൾ വലിയ കുറ്റമായി ചിത്രീകരിക്കുകയാണ്. താൻ അധികാരത്തിൽ എത്തിയതിനുശേഷമാണ് അവയ്ക്കെതിരേ നടപടി സ്വീകരിച്ചത്.
കോർപറേഷൻ അങ്കണത്തിലെ അപകട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. അപകടത്തിലായ വൈദ്യുതിവിഭാഗം കെട്ടിടത്തിനായി പോസ്റ്റ് ഓഫീസ് പരിസരത്ത് 39 കോടിയുടെ നിർമാണം നടക്കുന്നുണ്ട്. എൻജിനീയറിംഗ് കെട്ടിടത്തിൽ രണ്ടുകോടിയുടെ നിർമാണം പൂർത്തീകരിച്ച് ആധുനികവത്കരിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരുടെ കെട്ടിടത്തിൽ മെയിന്റനൻസ് മാത്രമേ നടത്താൻ കഴിയൂ. പൈതൃകകെട്ടിടങ്ങളായതു കാരണം എല്ലാം പൊളിക്കാൻ കഴിയില്ലെന്നും മേയർ കൂട്ടിച്ചേർത്തു.