ഐവർമഠത്തിൽ വിപുലമായ ഒരുക്കങ്ങൾ
1578380
Thursday, July 24, 2025 1:48 AM IST
തിരുവില്വാമല: വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി പാമ്പാടി ഐവർമഠം. മൺമറഞ്ഞുപോയ തങ്ങളുടെ ഉറ്റവരെ സ്മരിച്ച് ആയിരങ്ങൾ നിളാതീരത്ത് പിതൃതർപ്പണം നടത്തും. പാമ്പാടി ഐവർമഠം ക്ഷേത്രപരിസരത്തെ ഭാരതപ്പുഴയോരത്ത് ഇന്നു പുലർച്ചെ മൂന്നുമുതൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും.
പുഴയിലെ സ്നാനത്തിനുശേഷം ഈറനുടുത്ത് പരികർമികൾ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രാർഥനാപൂർവം നിളയിൽ മുങ്ങിനിവരും. ബലി തർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് നിളയോരത്ത് ഒരുക്കിയിരിക്കുന്നത് . മഴയുടെ പശ്ചാത്തലത്തിൽ നനയാതെ കർമങ്ങൾ ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഐവർമഠം ക്ഷേത്രാധികൃതർ ചെയ്തിട്ടുള്ളത് .
പുഴയോരത്ത് പ്രത്യേകം പന്തൽ നിർമിച്ചിട്ടുണ്ട്. തിരക്കുനിയന്ത്രിക്കാനായി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക കൗണ്ടറുകളും ഇന്നു പുലർച്ച മുതൽ തുറന്നു പ്രവർത്തിക്കും. ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രം, രമേഷ് കോരപ്പത്ത്, ബ്രാഹ്മണസഭ എന്നിവരുടെ നേതൃത്വത്തിലാലാണ് ചടങ്ങുകൾ. കർക്കടകവാവ് ബലിതർപ്പണചടങ്ങുകൾക്കു ജില്ലയിലെ പ്രധാനകേന്ദ്രമായ പാമ്പാടി ഐവർമഠത്തിനു പുറമേ മറ്റു സ്നാനഘട്ടങ്ങളിലും ധാരാളമാളുകൾ ബലിയിടാൻ എത്തിച്ചേരും.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ ബലിതർപ്പണം നടക്കുന്ന കടവിലും പുഴയോരത്തും കനത്ത സുരക്ഷാസംവിധാനങ്ങൾ പോലീസും ഫയർഫോഴ്സും ഒരുക്കും. തിരക്കുനിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പ്രത്യേകമായി പോലീസിനെ വിന്യസിക്കും. മോഷ്ടാക്കളെയും മറ്റും നിരീക്ഷിക്കാൻ തിരക്കുള്ളഭാഗത്ത് സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.