പെരിങ്ങൽകുത്തിൽ 24 മെഗാവാട്ടിന്റെ ഒരു ജനറേറ്റർകൂടി സ്ഥാപിക്കാൻ നീക്കം
1578387
Thursday, July 24, 2025 1:48 AM IST
ചാലക്കുടി: പെരിങ്ങൽകുത്ത് എസ്എച്ച്പി സ്റ്റേജ് രണ്ട് എന്നപേരിൽ 24 മെഗാവാട്ടിന്റെ ഒരു ജനറേറ്റർകൂടി സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് ആലോചിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് മാൻടെക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉത്തർപ്രദേശിലെ നോയിഡയിലുള്ള സ്ഥാപനം പരിസ്ഥിതി ആഘാതപഠനം നടത്തി. പദ്ധതിയും പഠനവും സംബന്ധിച്ച പൊതുതെളിവെടുപ്പ് നാളെ 11 ന് അതിരപ്പിള്ളി കണ്ണംകുഴിയിലെ കമ്യൂണിറ്റി ഹാളിൽ നടത്തും.
നിലവിലുള്ള പെരിങ്ങൽകുത്ത് അണക്കെട്ടും ജലസംഭരണിയും ഉപയോഗപ്പെടുത്തിക്കൊണ്ട് 24 മെഗാവാട്ടിന്റെ ഒരു ജനറേറ്റർകൂടി സ്ഥാപിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പെരിങ്ങൽകുത്ത് എസ്എച്ച്പി സ്റ്റേജ് ഒന്നിൽ നിർമിച്ച ടണലും പെൻസ്റ്റോക്കും സ്റ്റേജ് രണ്ടിന് ആവശ്യമായ വെള്ളംകൂടി കൊണ്ടുവരാൻ പാകത്തിലാണ് നിർമിച്ചിട്ടുള്ളത്. അതിനാൽതന്നെ അധികമായി 140 മീറ്റർ പെൻസ്റ്റോക്ക് പൈപ്പും ടർബൈനും ജനറേറ്ററും മറ്റ് അനുബന്ധസംവിധാനങ്ങളും മാത്രമാണ് പുതിയതായി നിർമിക്കുന്നത്.
80.7 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. മഴക്കാലത്തു പെരിങ്ങൽകുത്തിൽ ലഭ്യമാകുന്ന അധികജലം ഉപയോഗപ്പെടുത്തി 3.64 കോടി യൂണിറ്റും വേനൽക്കാലത്തു വൈകീട്ട് നാലുമണിക്കൂർ സമയങ്ങളിൽ 1.75 കോടി യൂണിറ്റ് വൈദ്യുതിയും ഉൾപ്പെടെ ആകെ 5.38 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.
പുതിയ നിർമാണപ്രവർത്തനങ്ങൾ പരിമിതമായതിനാൽ പദ്ധതിനിർമാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതം പരിമിതമായിരിക്കുമെന്നു ചാലക്കുടിപ്പുഴ സംരക്ഷണസമിതി ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്തിനു ശേഷമുള്ള മാസങ്ങളിൽ വൈദ്യുതി ഉത്പാദനക്രമത്തിൽ വരുത്തുമെന്നു പറയുന്ന മാറ്റങ്ങൾ പുഴയിലെ നീരൊഴുക്കിന്റെ തോതിൽ വലിയ വ്യതിയാനങ്ങൾ വരുത്തും. ഇതു ജല ആവാസവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ സംബന്ധിച്ച് പരിസ്ഥിതി ആഘാതപഠനം നിശബ്ദമാണെന്നും സമിതി കുറ്റപ്പെടുത്തി.
വർഷം 15 ലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിരപ്പിള്ളി, വാഴച്ചാൽ ജലപാതങ്ങൾ പുതിയ പദ്ധതി ഇല്ലാതാക്കുമെന്നും വിനോദസഞ്ചാരമേഖലയെ ഇതു ഗുരുതരമായി ബാധിക്കുമെന്നും പുഴസംരക്ഷണസമിതി മുന്നറിയിപ്പു നൽകുന്നു.