നികുതിനഷ്ടത്തിന്റെ ഉത്തരവാദിത്വം ഇടതുപക്ഷത്തിന്: രാജൻ പല്ലൻ
1578613
Friday, July 25, 2025 1:09 AM IST
തൃശൂർ: ചട്ടങ്ങൾ പാലിക്കാതെ നടപ്പാക്കിയ വസ്തുനികുതിപരിഷ്കാരം റദ്ദാക്കിയ ഹൈക്കോടതിനടപടി ഇടതുഭരണത്തിനേറ്റ തിരിച്ചടിയാണെന്നും 250 കോടിയുടെ നികുതിവരുമാനനഷ്ടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ.
നഷ്ടത്തിന്റെ ഉത്തരവാദിത്വം യുഡിഎഫ് ഭരണത്തിനുമേൽ കെട്ടിവയ്ക്കാനുള്ളനീക്കം വിലപ്പോകില്ല. 2011ൽ സർക്കാർ ഇറക്കിയ നികുതിപരിഷ്കാര ഉത്തരവ് 2013ൽ യുഡിഎഫ് കൗണ്‍സിൽ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും വ്യാപകപരാതികളെത്തുടർന്ന് 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ മരവിപ്പിച്ചു. ഇക്കാര്യം കോർപറേഷൻ ഭരണനേതൃത്വം ഹൈക്കോടതിയിലും മറച്ചുവച്ചു. 2019ൽ ഇടതുസർക്കാരിന്റെ ഉത്തരവാണ് സംസ്ഥാനത്തു നടപ്പാക്കിയത്. അതിൽ യുഡിഎഫ് കൗണ്‍സിലിന് ഉത്തരവാദിത്വമില്ല.
നാലുമാസത്തിനകം നികുതിപരിഷ്കാരം നടപ്പാക്കാനായിരുന്നു പുതിയ ഉത്തരവെങ്കിലും ഒന്‍പതുമാസത്തിനുശേഷമാണ് കൗണ്‍സിലിൽ പാസാക്കിയത്. നാലുവർഷംകഴിഞ്ഞു 2023ൽ ആണു നടപ്പാക്കിയത്. ചട്ടപ്രകാരം പരിഷ്കാരം നടപ്പാക്കാത്തതിനാൽ നഷ്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ തർക്കമുണ്ടായതും 10 ശതമാനം പുതിയ സേവന ഉപനികുതി മുൻകാലപ്രാബല്യത്തിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കവും പരിഷ്കാരം വൈകാൻ ഇടയാക്കി.
നിയമം അനുസരിച്ചു പുതിയ നികുതിക്കു മുൻകാലപ്രാബല്യമില്ല. കുടിശിക പിരിക്കാനുള്ള നീക്കത്തിനെതിരേ കൗണ്‍സിലിൽ ഉയർത്തിയ വാദങ്ങളും അംഗീകരിച്ചില്ല. ഉപനികുതി നിർബന്ധിതനികുതിയാണോ എന്നതിൽ സർക്കാരിൽനിന്നു വ്യക്തത തേടണം. ഓഡിറ്റ് റിപ്പോർട്ടുണ്ടെങ്കിൽ പുറത്തുവിടണം. 250 കോടി വരുമാനനഷ്ടമുണ്ടായതിന്റെയും നിയമവിരുദ്ധമായി ഉപസേവനനികുതി നടപ്പാക്കിയതിലെയും ഉത്തരവാദികളെ കണ്ടെത്തി നഷ്ടം നികത്താൻ ഓഡിറ്റ് വിഭാഗം ഡയറക്ടറെ അന്വേഷണത്തിനു നിയോഗിക്കണം.
ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി കൗണ്‍സിലിനെ അറിയിക്കാതെ മേയറുടെ മുൻകൂർഅനുമതിയിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. യോഗംകഴിഞ്ഞ് 96 മണിക്കൂറിനകം ഇറക്കേണ്ട മിനിറ്റ്സ് ഒരുമാസം പിന്നിട്ടിട്ടും പുറത്തുവിട്ടിട്ടില്ല. നികുതിപരിഷ്കാരം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു സുപ്രീംകോടതിയിൽ അപ്പീൽ പോകരുതെന്നും അനർഹമായി പിടിച്ചെടുത്ത പണം ജനങ്ങൾക്കു തിരിച്ചുനൽകണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു.