കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ വിദ്യാർഥിക്കു രക്ഷകരായി കുന്നംകുളം പോലീസ്
1578837
Saturday, July 26, 2025 12:54 AM IST
കുന്നംകുളം: മൊബൈൽ ഫോൺ നൽകാത്തതിനെതുടർന്ന് വീട്ടുകാരുമായി വഴക്കിട്ട് മുറിയിൽ കയറി വാതിൽ അടച്ചതിനുശേഷം കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ വിദ്യാർഥിക്കു രക്ഷകരായി കുന്നംകുളം പോലീസ്.
പോലീസിന്റെ സമ യോചിതമായ ഇടപെടൽമൂലമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ചൂണ്ടൽ പുതുശേരി സ്വദേശി 12 കാരനായ ആറാം ക്ലാസ് വിദ്യാർഥിയാണ് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായത്. വീട്ടുകാർ നിരവധിതവണ വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരം പറയുകയായിരുന്നു.
തുടർന്ന് ഹെൽപ്പ് ലൈൻ നമ്പറിൽ നിന്നും കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. നിമിഷങ്ങൾക്കകം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുന്നംകുളം സബ് ഇൻസ്പെക്ടർ കെ.എൻ. ഹരിഹരസോനു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോഷി, സിവിൽ പോലീസ് ഓഫീസർ അൻഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി.
പോലീസ് വിളിച്ചു നോക്കിയിട്ടും കുട്ടി വാതിൽ തുറക്കാത്തതിനെത്തുടർന്ന് പോലീസുകാർ വാതിൽ ചവിട്ടിപ്പൊളിക്കുകയും പോലീസ് ജീപ്പിൽ തന്നെ കുട്ടിയെ കുന്നംകുളം കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.