ഭക്തശ്രീ, രാമകീർത്തി അവാർഡുകൾ പ്രഖ്യാപിച്ചു
1578602
Friday, July 25, 2025 1:08 AM IST
വടക്കാഞ്ചേരി: സൗഹൃദം സെന്റർ മികച്ച ആധ്യാത്മിക-സാംസ്കാരിക പ്രവർത്തകനു നൽകുന്ന ഭക്തശ്രീ അവാർഡിന് പ്രശസ്ത സംഗീതജ്ഞനും സാംസ്കാരികപ്രവർത്തകനുമായ റവ. ഡോ. പോൾ പൂവത്തിങ്കലും പ്രശസ്ത രാമായണ വൈജ്ഞാനികർക്കു നൽകുന്ന രാമകീർത്തി അവാർഡിന് പ്രശസ്ത സാഹിത്യപണ്ഡിതനും നിരൂപകനുമായ ഡോ. പുത്തേഴത്ത് രാമചന്ദ്രനും അർഹരായി.
പ്രശസ്തിഫലകവും 5,001 രൂപയുമാണ് അവാർഡ്. നാളെ രാവിലെ 10 മുതൽ അമ്പിളി ഭവനിൽ നടത്തുന്ന ഏകദിന രാമായണ സെമിനാറിൽ ഡയറക്ടർ പ്രഫ. പുന്നയ്ക്കൽ നാരായണൻ അവാർഡുകൾ സമ്മാനിക്കും. പ്രശസ്ത സിനി-സീരിയൽ നടൻ എൻ. നന്ദകിഷോർ സെമിനാർ ഉദ്ഘാടനം ചെയ്യും. സൗഹൃദം സൊസൈറ്റി പ്രസിഡന്റ് ഇ. സുമതിക്കുട്ടി അധ്യക്ഷയാവും. വിവിധ രാമായണ ഗ്രന്ഥങ്ങളുടെ പ്രദർശനവും വില്പനയും സെമിനാറിനോടനുബന്ധിച്ച് ഉണ്ടാകുമെന്നു ഭാരവാഹികളായ ടി.എൻ. നമ്പീശൻ, ഉഷ രാമചന്ദ്രൻ എന്നിവർ അറിയിച്ചു.