നാട്ടിലിറങ്ങിയ കാട്ടുപന്നിക്ക് വെടി
1578612
Friday, July 25, 2025 1:09 AM IST
തൃശൂർ: കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള നടപടി ആരംഭിച്ച് തൃശൂർ കോർപറേഷൻ. പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലന്റെ പരാതിപ്രകാരം മേയർ എം.കെ. വർഗീസാണ് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പ്രത്യേക ഉത്തരവു നൽകിയത്.
ഇതേത്തുടർന്ന് ബുധനാഴ്ച രാത്രി പതിനൊന്നാം ഡിവിഷനിലെ കൈരളിനഗർ പ്രദേശത്തുനിന്നും അക്രമകാരിയായ കാട്ടുപന്നിയെ കോർപറേഷന്റെ നേതൃത്വത്തിൽ വെടിവച്ചുകൊല്ലുകയായിരുന്നു.
ഏകദേശം 100 കിലോ ഭാരംവരുന്ന കാട്ടുപന്നിയുടെ ജഡം നിയമാനുസൃതം മറവുചെയ്യുകയുമായിരുന്നു.
ഏതാനും ദിവസങ്ങൾക്കുമുന്പാണ് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നിയമാനുസൃതം ഉത്തരവുവന്നത്. നേരത്തേയും ഗാന്ധിനഗർ ഡിവിഷനിലെ കൈരളിനഗർ റസിഡൻസ് അസോസിയേഷൻ, കേര റസിഡൻസ് അസോസിയേഷൻ, ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ, എംജി നഗർ റസിഡൻസ് അസോസിയേഷൻ തുടങ്ങിയവ നിരന്തരം കാട്ടുപന്നിശല്യത്തെക്കുറിച്ചു പരാതിപ്പെട്ടിരുന്നു.