തോരാതെ മഴ, ഇലകൊഴിഞ്ഞ് റബർ; ഉത്പാദനം പകുതിയിലും താഴെ
1589090
Thursday, September 4, 2025 1:50 AM IST
ഇരിട്ടി: നിർത്താതെയുള്ള മഴ റബർ കർഷകരുടെ പ്രതീക്ഷകൾ തകർത്തു. റബർ മരങ്ങളിൽ പുതുനാന്പുകൾ കിളിർക്കേണ്ടതിനു പകരം ഇല വ്യാപകമായി പൊഴിയുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
ഇത്തവണ നേരത്തെ ആരംഭിച്ച കാലവർഷം ഓണക്കാലമെത്തിയിട്ടും ശമനമില്ലാതെ തുടരുന്നത് മറ്റ് കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. മഴക്കാലത്തും ടാപ്പിംഗ് നടത്താൻ പ്ലാസ്റ്റിക് ഷീറ്റുകൾ ഒട്ടിച്ച കർഷകർക്ക് ചെലവായ തുകപോലും ടാപ്പിംഗിലൂടെ തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. സാധാരണയായി ഓണത്തിന് മുന്പ് തന്നെ കർഷകർക്ക് 50 ശതമാനത്തിൽ അധികം പാൽ ലഭിക്കാറുണ്ടെങ്കിൽ ഇത്തവണ പാതിപോലും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. ഇതിനൊപ്പം ഇലപൊഴിച്ചൽ കൂടിയായതോടെ ഉത്പാദനത്തിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് കർഷകർ പറയുന്നു.
കാരണം കുമിൾരോഗം
തോരാതെ പെയ്യുന്ന മഴയിൽ ഫൈറ്റോപ്തോറ എന്ന കുമിളിന്റെ ആക്രമണമാണ് ഇലപൊഴിച്ചിലിന് ഇടയാക്കുന്നത്. റബറിന്റെ പാലുത്പാദനത്തെ നിയന്ത്രിക്കുന്ന പ്രധാനഘടകമാണ് ഇലകൾ. സാധാരണ റബർ മരങ്ങളുടെ ഇലകൾ ഡിസംബറോടെ കൊഴിഞ്ഞ് ജനുവരി മുതൽ തളിർക്കുകയാണ് ചെയ്യുക. ഇത്തവണ ജൂലൈയിൽ തന്നെ ഇലപൊഴിഞ്ഞു.
കാലാവസ്ഥ അനുകൂലമായാലും ഇപ്പോൾ കൊഴിഞ്ഞ ഇലകൾക്ക് പകരം പുതിയ തളിരിടണമെങ്കിൽ ഡിസംബർ, ജനുവരി മാസമാകണം. സാധാരണ മഴമാറി തണുപ്പുകാലം തുടങ്ങുന്നതോടെയാണ് പരമാവധി പാൽ ലഭിക്കുക. ഇത്തവണ മഴ മാറിയാലും ഇലയില്ലാത്തതിനാൽ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാര്യമായ ഉത്പാദനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. വൻകിട തോട്ടങ്ങളിൽ മഴയ്ക്ക് മുൻമ്പ് കുമിൾനാശിനി തളിക്കാറുണ്ടെങ്കിലും ഇത്തവണ മഴ മാറാത്തതിനാൽ പലർക്കും മരുന്ന് തളിക്കാനായിട്ടില്ല. മരുന്ന് തളിച്ചാൽ തന്നെ 45 ദിവസം മാത്രമെ പ്രയോജനം ലഭിക്കുകയുമുള്ളു.
സബ്സിഡിയും വെട്ടിക്കുറച്ചു
കുമിൾനാശിനി തളിക്കുന്ന ചെലവിന്റെ പകുതി നേരത്തെ റബർ ബോർഡ് കർഷകർക്ക് സബ്സിഡിയായി നൽകിയിരുന്നത് കഴിഞ്ഞ വർഷം മുതൽ മൂന്നിലൊന്നായി വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച സബ്സിഡിയാകട്ടെ ഇനിയും പലർക്കും കിട്ടിയിട്ടുമില്ല. ഒരു ലിറ്റർ മരുന്നു തളിക്കുന്നതിന് കീടനാശിനിയുടെ വിലയും കൂലിയമുടക്കം 350 രൂപയെങ്കിലുമാവും.
ഒരേക്കറിന് 40 ലിറ്ററെങ്കിലും മരുന്ന് തളിക്കണം. സബ്സിഡിയുടെ കാര്യത്തിലെ അനിശ്ചിതത്വവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കർഷകർക്ക് നൽകാനുള്ള സബ്സിഡി പൂർണമായും അനുവദിക്കണമെന്നും മുൻകാലങ്ങളിൽ നൽകാനുള്ള സബ്സിഡിയും പൂർണമായും നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.