കർഷകർക്ക് മഴയിൽ കുതിർന്ന ഓണം
1589091
Thursday, September 4, 2025 1:50 AM IST
ആലക്കോട്: ആറുമാസത്തിലധികമായി തുടരുന്ന മഴ കർഷകരെയും കാർഷികമേഖലയെയും തകർത്തതിനൊപ്പം കർഷകരുടെ ഓണാഘോഷങ്ങളും വെള്ളത്തിലാക്കി. മാർച്ച് അവസാനത്തോടെ ആരംഭിച്ച മഴയാണ് ഇടതടവില്ലാതെ തുടരുന്നത്. മുൻ കാലങ്ങളിൽ ചിങ്ങമാസത്തിൽ ഓണത്തിന് മുന്പായി കർഷകന് 10 ദിവസമെങ്കിലും റബർ ഉത്പാദനം കിട്ടുന്ന കാലമുണ്ടായിരുന്നു.
എന്നാലിപ്പോൾ ഓണമെത്തിയിട്ടും മലയോരത്ത് ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് നേരിടുന്നത്. നിർത്താതെയുള്ള മഴയിൽ മലയോരത്ത് കൃഷിനാശം വ്യാപകമാകുകയാണ്. കവുങ്ങ്, തെങ്ങ്, തുടങ്ങിയവയുടെ രോഗബാധകളും കൂടുതലായി. അടയ്ക്കാ വിരിഞ്ഞ് കായപിടിക്കുന്ന സമയത്ത് മഴ കൂടിയതോടെ മൂപ്പാകാതെ തന്നെ പഴുപ്പു കയറി നശിക്കുകയാണ്. കൂന്പു ചീയൽ തെങ്ങ് കൃഷിക്കും തിരിച്ചടിയാകുകയാണ്.
കാർഷികരംഗത്തെ മുരടിപ്പ് കാരണം ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കാലാവസ്ഥ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴലഭിച്ചത് കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മലയോര മേഖലയിലാണ്.