കനത്ത മഴയിൽ ചെറുപുഴ-പുളിങ്ങോം റോഡിൽ പലയിടത്തും വെള്ളക്കെട്ട്
1589092
Thursday, September 4, 2025 1:50 AM IST
ചെറുപുഴ: കനത്ത മഴയിൽ ചെറുപുഴ-പുളിങ്ങോം റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിന്റെ തകർന്നു കിടക്കുന്ന ഭാഗത്തെ കുഴികൾ വെള്ളം നിറഞ്ഞ നിലയിലാണ്. റോഡരികിൽ ശരിയായ രീതിയിലുള്ള ഓടകളില്ലാത്തതിനാൽ റോഡിൽ കൂടിയാണ് വെള്ളം ഒഴുകുന്നത്. റോഡരികിൽ മരങ്ങളും മറ്റും കൂട്ടിയിട്ടത് കാരണം വെള്ളം ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നത് കാരണം റോഡ് ചെളിക്കുളമായും മാറി.
ഇന്നലെ ഉച്ചയോടെയുണ്ടായ കനത്ത മഴയിൽ വയലായി ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധമായിരുന്നു റോഡിലെ വെള്ളം. റോഡിലെ കുഴികൾ കാണാൻ കഴിയാതെ ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങളും ബുദ്ധിമുട്ടി. കന്നിക്കളം, കോലുവള്ളി, വയലായി എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നിരിക്കുകയാണ്. റോഡ് റീ ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
മൺതിട്ട ഇടിഞ്ഞ് വീടിന്റെ
ഭിത്തിയിൽ വീണു
തിരുമേനി: മൺതിട്ട ഇടിഞ്ഞ് വീടിന്റെ ഭിത്തിയിലേക്കു വീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് താബോറിലെ മോഹലായിൽ ജിന്റോഷിന്റെ വീടിന് പിന്നിലെ മൺതിട്ടയാണ് ഇടിഞ്ഞ് വീടിന്റെ പിന്നിലേക്കു വീണത്. വീടിന്റെ ഭിത്തിക്ക് കേടുപറ്റി. ജനൽച്ചില്ലുകൾ തകർന്നു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗങ്ങൾ, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വീട്ടുകാരോട് മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.