കെഎസ്ആർടിസി ടിടി ബസിൽ ട്രാവൽ കാർഡുകൾ നൽകി
1589093
Thursday, September 4, 2025 1:50 AM IST
ചെറുപുഴ: ബത്തേരി-മാനന്തവാടി-ചെറുപുഴ-വെള്ളരിക്കുണ്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ പുതിയ ടൗൺ ടു ടൗൺ (ടിടി) സർവീസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് സൗജന്യമായി നൽകി. ട്രാവൽ കാർഡുകൾ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ ബസ് ജീവനക്കാർക്ക് ചെറുപുഴയിൽ കൈമാറി.
ഇത് കെഎസ്ആർടിസിയിലേക്ക് യാത്രക്കാരെ ആകർഷിക്കാനും പുതിയതായി തുടങ്ങുന്ന സർവീസുകൾ മികച്ച വരുമാനമുള്ളതാക്കാനും സഹായിക്കും. ഒരു വർഷത്തെ കാലാവധിയുള്ള ട്രാവൽ കാർഡുകൾ കെഎസ്ആർടിസി ബസിൽ നിന്ന് റീചാർജ് ചെയ്യാൻ സൗകര്യം ഉണ്ടാകും. ഇത്തരം ട്രാവൽ കാർഡുകളുപയോഗിച്ച് എല്ലാ കെഎസ്ആർടിസി ബസുകളിലും യാത്ര ചെയ്യാം. പുതിയതായി തുടങ്ങുന്ന സർവീസുകൾ വിജയപ്രദമാക്കുവാൻ വിവിധ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ കാർഡുകൾ സ്പോൺസർ ചെയ്യാൻ പ്രചോദനമാകുമെന്നാണ് കരുതുന്നത്.
ചെറുപുഴയിൽ നടന്ന ട്രാവൽ കാർഡ് വിതരണ പരിപാടി കെവിവിഇഎസ് ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പാസഞ്ചർസ് അസോസിയേഷൻ കൺവീനർ എം.വി. രാജു അധ്യക്ഷത വഹിച്ചു. ബസ് ജീവനക്കാരായ എ. ജോബി, പി.എം. ജോണി, കെവിവിഇഎസ് ഭാരവാഹികളായ എ.ടി.വി. രാജേഷ്, ജോൺസൻ സി. പടിഞ്ഞാത്ത്, വ്യാപാരി നേതാക്കൾ, നാട്ടുകാർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.