അയ്യൻകുന്ന് ആട്ടയോലിയിലെ കടുവ; രണ്ട് കാമറകൾ സ്ഥാപിച്ചു
1595477
Sunday, September 28, 2025 8:02 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ആട്ടയോലിയിൽ കർഷകൻ വള്ളികാവുങ്കൽ മാത്യു കടുവയെ കണ്ട സ്ഥലത്ത് വനം വകുപ്പ് ഇന്നലെ രണ്ട് കാമറകൾ സ്ഥാപിച്ചു.എന്നാൽ, ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി കടുവയെ കൂടുവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കൊട്ടിയൂർ റേഞ്ചർക്ക് പരാതി നൽകി.
ഇന്നലെ വൈകുന്നേരത്തോടെയാണ് മാത്യു ഉൾപ്പെടെ ആറുപേർ ഒപ്പിട്ട പരാതി റേഞ്ചർക്ക് നൽകിയത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന പഞ്ചായത്ത് റോഡിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ കടുവയെ അടിയന്തരമായി കൂടുവച്ചു പിടികൂടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഭാഗ്യംകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും പ്രദേശത്ത് ജോലി ചെയ്യുന്ന ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ ഭീതിയിലാണെന്നും പരാതിയിൽ പറയുന്നു. കടുവ പ്രദേശത്തുതന്നെ ഉണ്ടെന്നും അതിന് തെളിവാണ് വീണ്ടുമെത്തി പകുതി ഭക്ഷിച്ച കാട്ടുപന്നിയുടെ ശരീരഭാഗം കടിച്ചുവലിച്ചുകൊണ്ടുപോയതെന്നും മാത്യു പറഞ്ഞു. കഴിഞ്ഞദിവസം കുരങ്ങുകളെ ഓടിക്കാൻ കൃഷിയിടത്തിലെത്തിയ മാത്യു കടുവയെ കണ്ടതോടെ അരമണിക്കൂറോളം മരത്തിൽ കയറിയിരുന്നാണ് രക്ഷപ്പെട്ടത്.
അതിനിടെ, കടുവയെ കണ്ട ആട്ടിയോലി മേഖലയിൽ കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ കാടുവെട്ടിത്തെളിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വള്ളികാവുങ്കൽ മാത്യു, ബെന്നി ജോർജ് കാക്കതൂക്കിയേൽ, മാത്യു ചെന്നെല്ലിയേൽ, ജോസ് ഏബ്രാഹം എന്നിവർ ചേർന്ന് അയ്യൻകുന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
പട്രോളിംഗ് നടത്തും
പടക്കം പൊട്ടിച്ച് കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി കൊട്ടിയൂർ റേഞ്ചർ ടി. നിഥിൻരാജ് പറഞ്ഞു. കർഷകൻ കണ്ടത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും എത്തുന്നുണ്ടോയെന്നറിയാൻ പ്രദേശത്ത് രണ്ട് കാമറകൾ സ്ഥാപിച്ചുകഴിഞ്ഞതായതും അദ്ദേഹം പറഞ്ഞു. പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയതോടെ വന്യമൃഗം കാട്ടിലേക്ക് കയറിയെന്നാണ് വനം വകുപ്പിന്റെ നിഗമനം. മേഖലയിൽ വനം വകുപ്പിന്റെ നിരീക്ഷണം അടുത്ത ദിവസവും തുടരും.