കരിങ്കൊടിപ്പേടി: 15 കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിൽ
1596416
Friday, October 3, 2025 2:09 AM IST
കാസര്‍ഗോഡ്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ ജില്ലയില്‍ 15 കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് വൈസ് പ്രസിഡന്റ് രാജേഷ് തമ്പാന്, ജില്ലാ സെക്രട്ടറിമാരായ ദീപു കല്യോട്ട്, മാര്ട്ടിന് ജോര്‍ജ്, വിനോദ് കപ്പിത്താന്, രതീഷ് കാട്ടുമാടം, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, ശ്രീജിത്ത് കോടോത്ത്, സുധീഷ് പാണൂര്‍, സുശാന്ത് പാട്ടികൊച്ചി, ജിതിന് പാണൂര്‍ എന്നിവരെ മാവുങ്കാലില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കാട്ടുമാടത്തെ ഇരിയയില്വച്ചുംഅമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ശേഷം സംഭവസ്ഥലത്ത് എത്തിയ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിനെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്നതിനിടയില്‍ ഷിബിന്‍ ഉപ്പിലിക്കൈയെ ഒരു പോലീസുകാരന് ബോധപൂര്‍വം മുഖത്തു കൈ കൊണ്ടിടിക്കുകയും കണ്ണിനു പരിക്കേറ്റതായും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
ഷിബിന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചെര്‍ക്കളയില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാരി കോട്ടക്കുന്ന്, കെ. ശ്രീനിഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി ജില്ല വിട്ടുപോയശേഷം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ ജയിലില്‍ കിടക്കുന്ന ഒന്നാംപ്രതി പീതാംബരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് പോലും അവഗണിച്ചുപരോള് കൊടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ കരുതല്‍ തടങ്കല്‍.