ഗ്രേറ്റ് ബോംബെ സർക്കസിന് തുടക്കമായി
1595826
Tuesday, September 30, 2025 1:23 AM IST
കണ്ണൂർ: ഏത്യോപ്യൻ കലാകാരന്മാരുടെ റഷ്യൻ സർക്കസ് പ്രകടനങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് കണ്ണൂർ പോലീസ് മൈതാനിയിൽ തുടങ്ങി. കോർപ്പറേഷൻ മേയർ മുസ് ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി ഇന്ദിര, കൗൺസിലർമാരായ സുരേഷ് ബാബു എളയാവൂർ, എൻ. സുകന്യ, എൻ. ഉഷ, വി.കെ. ഷൈജു തുടങ്ങിയവർ ചടങ്ങിൽ പങ്കുചേർന്നു.
ആകർഷകമായ റിംഗ് ഡാൻസ്, ഫയർ ഡാൻസ്, ഏത്യോപ്യൻ കലാകാരന്മാരുടെ സ്വിമ്മിംഗ് ബീം അക്രോബാറ്റിക്, ഡയാബോളോ, റോളർ ബാലൻസ്, ക്ലബ്സ് ജഗ്ലിംഗ്, സോഡ് ആക്ട്, അമേരിക്കൻ ലിമ്പിംഗ് ബോർഡ്, റഷ്യൻ ഡെവിൾ ക്ലൌൺ ഐറ്റം, റഷ്യൻ സ്പൈഡ് റിംഗ്, റഷ്യൻ ക്ലൌൺ സ്കിപ്പിംഗ് തുടങ്ങിയ ഇനങ്ങളും പ്രദർശിപ്പിക്കും.
റഷ്യൻ ബാലെയുടെ ചുവടു പിടിച്ച് അവതരിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളും മക്കാവോ, കാക്കാട്ടൂസ് എന്നിവ അടക്ക മുള്ള 64-ഓളം പക്ഷികളുടെയും മൃഗങ്ങളുടെയും പ്രകടനങ്ങളുമുണ്ട്. നൂറിൽപ്പരം സർക്കസ് കലാകാരന്മാരും മൃഗങ്ങളും അപൂർവ ഇനം പക്ഷികളും ഗ്രേറ്റ് ബോംബെ സർക്കസിൽ അണിനിരക്കുന്നു. ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം നാലിനും രാത്രി ഏഴിനുമാണ് പ്രദർശനം.150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.