കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി മഴമാമാങ്കം
1595550
Monday, September 29, 2025 1:13 AM IST
സ്വന്തം ലേഖകൻ
പെരുമ്പടവ്: ശമനമില്ലാത്ത കനത്ത മഴമൂലം മലയോര കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ ആറുമാസത്തിലേറെയായി തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്ന് റബർ ടാപ്പിംഗ് നിലച്ചതും കാർഷികവിളകൾക്ക് നാശം നേരിടുന്നതും മലയോരത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തുടങ്ങിയ മഴയ്ക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ശമനമുണ്ടായിട്ടില്ല. രണ്ടാഴ്ച മുമ്പ് മഴ കുറഞ്ഞപ്പോൾ ചെറുകിട റബർ കർഷകർ റബർ തോട്ടങ്ങൾ തെളിക്കുകയും റബർ ടാപ്പിംഗ് തുടങ്ങുകയും ചെയ്തു. എന്നാൽ, ഒട്ടുമിക്ക കർഷകർക്കും രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമേ ടാപ്പിംഗ് നടത്താൻ സാധിച്ചുള്ളൂ.
ഏക്കറിന് 5000 മുതൽ പതിനായിരം രൂപ വരെ ചെലവഴിച്ചാണ് കാടുകയറിയ തോട്ടങ്ങൾ വെട്ടിത്തെളിച്ചത്. മലയോര മേഖലയിലെ മുഖ്യസാമ്പത്തിക സ്രോതസായ റബർ ടാപ്പിംഗ് നിലച്ചതോടെ വരുമാനമില്ലാതെ ദുരിതം അനുഭവിക്കുകയാണ് കർഷകരും തൊഴിലാളികളും.
ഒപ്പം ഈ മേഖലയിലെ ചെറുകിടവ്യാപാരികളും വൻ പ്രതിസന്ധി നേരിടുകയാണ്.
സബ്സിഡി നിലയ്ക്കുന്നു: കേര പദ്ധതിയും
അവതാളത്തിൽ
റബർ ആവർത്തന കൃഷിക്ക് കേന്ദ്രസർക്കാർ റബർ ബോർഡ് മുഖേന നൽകുന്ന സബ്സിഡി നിർത്തലാക്കാൻ നീക്കം ആരംഭിച്ചു. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കേരപദ്ധതി നടപ്പിലാക്കുന്ന ജില്ലകളിലാണ് റബർ ബോർഡ് സഹായം ഉപേക്ഷിക്കുന്നത്. കണ്ണൂർ ജില്ലയും ഈ പദ്ധതിയിൽ വരുന്നതാണ്. ആവർത്തന കൃഷിക്ക് ഹെക്ടറിന് ഗഡുക്കളായി 75,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തുക നൽകി തുടങ്ങിയിട്ടില്ല. അതേസമയം ആവർത്തന കൃഷിക്ക് റബർ ബോർഡ് നൽകുന്ന ഹെക്ടറിന് 40,000 രൂപ സബ്സിഡി നഷ്ടമാകുമെന്ന ആശങ്കയിലാണ് റബർ കർഷകർ.
താങ്ങുവില: സമരപ്രഖ്യാപനം
സർക്കാർ പ്രഖ്യാപിച്ച റബറിന്റെ താങ്ങുവില 250 രൂപയാക്കാൻ വൈകരുതെന്ന് ആവശ്യപ്പെട്ട് ഉത്പാദക സംഘങ്ങൾ സമരത്തിലേക്ക് ഇറങ്ങാനും തീരുമാനിച്ചിട്ടുണ്ട്. വിലയില്ലെങ്കിൽ റബറില്ല എന്ന സമര രീതിയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനമാണ് അധികാരത്തിൽ വന്നാൽ റബറിന് കിലോയ്ക്ക് മിനിമം വില 250 രൂപയാക്കും എന്നത്. ഇപ്പോൾ ഇത് മനഃപൂർവം മറക്കുകയാണ്. റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.