മട്ടന്നൂരിൽ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി
1595478
Sunday, September 28, 2025 8:02 AM IST
മട്ടന്നൂർ: മട്ടന്നൂർ കിളിയങ്ങാട് ജനവാസകേന്ദ്രത്തിൽ ഭീതിപരത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി. കൂടാളി പഞ്ചായത്തിലെ ചിത്രാരിയിൽ നിന്നാണ് കാട്ടുപോത്തിനെ വനംവകുപ്പ് സംഘം സാഹസികമായി പിടികൂടിയത്. ഏറെനേരത്തെ ശ്രമങ്ങൾക്കുശേഷം കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച ഉച്ചയോടെ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ അനുമതി ലഭിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോഴേക്കും സമയം വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, രാത്രി കാട്ടുപോത്ത് നേരത്തെ കണ്ട മട്ടന്നൂർ വെള്ളിയാംപറമ്പ് വ്യവസായ പാർക്കിനോട് ചേർന്ന സ്ഥലത്തുനിന്ന് മറ്റു സ്ഥലത്തേക്ക് നീങ്ങിയിരുന്നു.
കൂടാളി പഞ്ചായത്തിലെ കോടോളിപ്രം മേഖലയിലാണ് എത്തിയത്. പിന്നീട് കാണാതായതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പുലർച്ചെ മുതൽ കാൽപ്പാടുകൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമം നടത്തുകയായിരുന്നു. പലയിടങ്ങളിലായി നടത്തിയ പരിശോധനയിൽ കൊളപ്പ മേഖലയിൽ എത്തിയതായി മനസിലായി.
പരിശോധനയിൽ ചിത്രാരിയിൽ ചാലോട് - ഇരിക്കൂർ പ്രധാന റോഡിനരികിലെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പിൽ കണ്ടെത്തി. പിന്നീട് കൊട്ടിയൂർ റേഞ്ച് വെറ്ററിനറി ഡോക്ടർ ഇല്ല്യാസ് റാവുത്തറിന്റെ നേതൃത്വത്തിൽ ഇരിട്ടി വെറ്ററിനറി ഡോക്ടർ മൊഹമ്മദ് സിബിൻ ഉൾപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥസംഘം മയക്കുവെടി വയ്ക്കുകയായിരുന്നു.
വെടിയേറ്റ പോത്ത് സംഭവസ്ഥലത്ത് നിന്ന് പറമ്പിന്റെ റോഡിനോട് ചേർന്ന ഭാഗത്ത് ഓടിയെത്തിയതോടെ പ്രധാന റോഡിലെ വാഹനങ്ങളെ നിയന്ത്രിച്ചു. പിന്നീട് അധികം വൈകാതെ തന്നെ പോത്ത് നിലത്തുവീണ് മയക്കത്തിലായി. ഉടനെ ഉദ്യോഗസ്ഥരെത്തി പോത്തിന്റെ കണ്ണ് കറുപ്പ് തുണികൊണ്ട് മറയ്ക്കുകയും കൈ കാലുകൾ കയറുകൊണ്ട് ബന്ധിക്കുകയുമായിരുന്നു. മഴ പെയ്തതോടെ തുടർനടപടികൾ വൈകി. പിന്നീട് ജെസിബിയുട സഹായത്തോടെ കാട്ടുപോത്തിനെ പ്രത്യേകം തയാറാക്കിയ ലോറിയിലേക്ക് കയറ്റി.
ഇടയ്ക്ക് ഡോക്ടർമാർ ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ ലോറിയിൽ കയറ്റി ആറളം വന്യജീവി സാങ്കേതത്തത്തിലേക്ക് കൊണ്ടുപോയി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജി. പ്രദീപ് കുമാർ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. നിധിൻരാജ്, കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത്, സെക്ഷൻ ഓഫീസർ സി.കെ. മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പോത്തിനെ പിടികൂടി കൊണ്ടുപോയത്.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് നിരവധിയാളുകളും പ്രദേശത്ത് എത്തി. മട്ടന്നൂർ എസ്ഐ സി.സി. ലിനേഷിന്റെ നേതൃത്വത്തിലെത്തിയ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളെ നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം ശിവപുരം ഭാഗത്ത് കണ്ട കാട്ടുപോത്താണ് മട്ടന്നൂർ നഗരസഭയിലെ കിളിയങ്ങാട് എത്തിയത്.