സഞ്ചരിക്കുന്ന വായനശാലയിലേക്ക് പുസ്തകം നല്കി ബോട്ടണി അസോ.
1595540
Monday, September 29, 2025 1:13 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി ആറളം വൈൽഡ്ലൈഫ് ഡിവിഷൻ നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന വായനശാല പദ്ധതിയിലേക്ക് ജില്ലാ ബോട്ടണി അസോസിയേഷനിലെ അധ്യാപകർ പുസ്തകങ്ങൾ കൈമാറി.
മുതിർന്നവർക്കും വിദ്യാർഥികൾക്കും ഉപയോഗപ്പെടുത്താവുന്ന ബാലസാഹിത്യം, ചെറുകഥകൾ, നോവൽ, കവിതകൾ തുടങ്ങി വായനശാലയിലേക്കുള്ള103 പുസ്തകങ്ങളാണ് ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവന് കൈമാറിയത്. ചടങ്ങിൽ ജില്ലാ ബോട്ടണി അസോസിയേഷൻ പ്രസിഡന്റ് കെ. ആനന്ദ്, സെക്രട്ടറി പി. ബഷീർ, സെക്ഷൻ ഫോറസ്റ്റ് ഓഫസർ എം.രാജൻ എന്നിവർ പ്രസംഗിച്ചു.
നിലവിൽ ആറളത്ത് പ്രവർത്തിച്ചു വരുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ, ബ്രിഡ്ജ് കോഴ്സുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന വായനശാല വനം വകുപ്പ് നടപ്പിലാക്കി വരുന്നത്. കഴിഞ്ഞമാസം വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് സഞ്ചരിക്കുന്ന വായനശാല ഫ്ലാഗ് ഓഫ് ചെയ്തത്.