തളിപ്പറന്പ് നഗരസഭാ യോഗത്തിൽ ഉന്തും തള്ളും
1595843
Tuesday, September 30, 2025 1:23 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും ഉന്തും തള്ളും. എല്ലാമാസവും കൃത്യമായി കൗണ്‍സിലുകള്‍ വിളിച്ച് ചേർക്കാതെ അടിയന്തിര കൗൺസിൽ വിളിക്കുന്നതിനാൽ പെന്ഷന് കിട്ടേണ്ട വയോധികര്‍ വിഷമത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ സി.വി. ഗിരീശന് യോഗത്തിൽ ഉന്നയിച്ചു.
ഇതിനെതിരെ ഭരണപക്ഷത്തിലെ കൗണ്‍സിലർ പി.സി. നസീര്‍ കഴിഞ്ഞ എട്ടാം മാസം വരെ പെന്ഷന് അജണ്ടകളൊക്കെ അംഗീകരിച്ചതായി പറഞ്ഞു. ഇതോടെയാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിനിടെ സിപിഎം കൗണ്‍സിലര്‍ ഒരു അഴിമതിയാരോപണവുമായി എഴുന്നേറ്റു.
ഇതിന് തടസപ്പെടുത്തി സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി. മുഹമ്മദ്നിസാര്‍ രംഗത്തെത്തി. അടിയന്തിര കൗണ്‍സില്‍ യോഗമാണെന്നും മറ്റു കാര്യങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞ നിസാറുമായി വാക്കേറ്റമുണ്ടായതിനിടെ പ്രതിപക്ഷത്തെ സി.വി. ഗിരീശന് ചെയര്‍പേഴ്സന്റെ നേരെ പാഞ്ഞടുത്തു.
ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി തടയാൻ ശ്രമിക്കുകയും ഇത് ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. ഇതിനിടെ ചെയർപേഴ്സൺ അജണ്ടകൾ അംഗീകരിച്ച് യോഗ നടപടികൾ പൂർത്തിയാക്കി.