കാമറയിൽ ചിത്രം പതിഞ്ഞില്ല; കടുവ കാടുകയറിയതായി വനം വകുപ്പ്
1595820
Tuesday, September 30, 2025 1:23 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ആട്ടയോലിയിൽ പ്രദേശവാസിയായ കർഷകൻ വള്ളികാവുങ്കൽ മാത്യു കടുവയെ കണ്ടെന്നു പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ നാലാം ദിവസവും കടുവയുടെ ചിത്രം പതിഞ്ഞില്ല. കാമറയിൽ ചിത്രങ്ങളും തുടർച്ചയായ പരിശോധനകളിൽ വന്യജീവിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നതിന്റെ തെളിവുകളും ലഭിക്കാത്ത സാഹചര്യത്തിൽ വന്യജീവി കാട്ടിലേക്ക് തിരികെ പോയതായാണ് വനം വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. എങ്കിലും മേഖലയിൽ പട്രോളിംഗും നിരീക്ഷണവും തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കൊട്ടിയൂർ, കണ്ണവം റേഞ്ചുകളിലെ വനംവകുപ്പ് ജീവനക്കാരും ആർആർടിയും തുടർച്ചയായിട്ടായിരുന്നു വന്യമൃഗത്തിനായി പരിശോധന നടത്തിയിരുന്നത്. കൂടാതെ പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും കടുവയുടേതിന് സമാനമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെയും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു കാമറ പരിശോധിച്ചത്.