വന്യമൃഗശല്യം നിയമഭേദഗതിക്ക് ഡൽഹിയിൽ സമരമുഖം തുറക്കും: സംയുക്ത കിസാൻ മോർച്ച
1595822
Tuesday, September 30, 2025 1:23 AM IST
കണ്ണൂർ: രാജ്യത്തെ എല്ലാ നിയമങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്തെങ്കിലും 1972-ലെ വന്യജീവി സംരക്ഷണ നിയമം 53 വർഷമായിട്ടും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകാത്തത് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യമാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ. വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായ ഭേദഗതി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ഡൽഹിയിൽ സമരമുഖം തുറക്കുമെന്നും ഡൽഹി കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാക്കളായ ലഖ്വിന്ദർ സിംഗ് ഔലാഖ്, സുഖ്ജീത് സിംഗ് ഹർഡോജൻ, അംഗ്രേസിംഗ് ബൂട്ടേവാല എന്നിവർ പറഞ്ഞു.
രാജ്യത്തെ ബാക്കിയെല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റം വരുത്തിയ സർക്കാർ വംശനാശ ഭീഷണി നേരിട്ട വന്യമൃഗങ്ങളെ സംരക്ഷിക്കാൻ 1972 ൽ പാസാക്കിയ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയ വന്യമൃഗങ്ങൾ പെരുകിയതുമൂലം മനുഷ്യനു ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. എന്നിട്ടും ആ നിയമത്തിൽ മാറ്റം വരുത്താൻ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ദേശീയ കർഷകനേതാക്കൾ പറഞ്ഞു.
വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണ നൽകുന്നതിനായി എത്തിയ നേതാക്കൾ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ഗുരുതരമായി പരിക്കേറ്റവരെയും വന്യമൃഗ ആക്രമണത്തിൽ വ്യാപകമായി നശിച്ച കൃഷിയിടങ്ങളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട വ്യക്തികളുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും വ്യാപകമായി കൃഷി നശിച്ചവർക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാൻ മോട്ടോർ വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ മാതൃകയിൽ ട്രിബ്യൂണൽ സ്ഥാപിച്ച് മതിയായ നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ആറളംഫാമിലെ വിവിധ ബ്ലോക്കുകൾ സന്ദർശിച്ച കർഷക നേതാക്കൾ മരണപ്പെട്ടവരുടെ ബന്ധുക്കളിൽനിന്നും പരിക്കേറ്റവരിൽനിന്നും കൃഷി നശിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദന്പതികളുടെ വീടും സന്ദർശിച്ചു. കൂടാതെ വിവിധ കോളനികളും സന്ദർശിച്ചു. വയനാട് ജില്ലയിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബേഗൂർ സോമന്റെ കുടുംബത്തെയും സന്ദർശിച്ചു.
ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റു തളർന്നു കിടക്കുന്ന പനവല്ലി ലക്ഷ്മണൻ ബേഗൂർ കുമാരൻ, കൊണ്ടിമൂല ലക്ഷ്മണൻ എന്നിവരെ നേരിൽക്കണ്ടു. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ വ്യാപകമായ കൃഷിയിടം നശിപ്പിക്കപ്പെട്ട സംസ്ഥാന കർഷക അവാർഡ് ജേതാവ് ഡോളി അടക്കം നിരവധി കർഷകരുടെ കൃഷിയിടങ്ങളും സന്ദർശിച്ചു.
ഡൽഹി കർഷക പ്രക്ഷോഭ നേതാക്കളോടൊപ്പം രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ. വി. ബിജു, സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, കർഷക സ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട, വിവിധ സംഘടനാ നേതാക്കളായ ജോയി കണ്ണംചിറ, ഡോ. ജോസുകുട്ടി ഒഴുകയിൽ, രാംദാസ് കതിരൂർ,
പി.ജെ. ജോൺ, ഇബ്രാഹിം തെങ്ങിൽ, മുകുന്ദൻ മാനന്തവാടി, സണ്ണി തുണ്ടത്തിൽ, ഗർവാസീസ് കല്ലുവയൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ജോർജ് സിറിയക്ക്, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻഎന്നിവരും ഉണ്ടായിരുന്നു.