മനുഷ്യ-വന്യജീവിസംഘർഷ ലഘൂകരണം: എകെസിസി നൽകിയത് 5000ത്തോളം പരാതികൾ
1595835
Tuesday, September 30, 2025 1:23 AM IST
കേളകം: വനം വകുപ്പ് നടപ്പാക്കുന്ന മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം തീവ്രയഞ്ജ പരിപാടിയിൽ കത്തോലിക്കാ കോൺഗ്രസ് പേരാവൂർ, ചുങ്കക്കുന്ന് ഫൊറോനുകളുടെ നേതൃത്വത്തിൽ 5000 ത്തോളം പരാതികൾ കൈമാറി.
പേരാവൂർ ഫൊറോനയിലെ വിവിധ പള്ളികളിലെ എകെസിസി യൂണിറ്റുകളുടെ നേതൃത്വത്തിൽ അപേക്ഷകൾ ശേഖരിച്ച് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നേരിട്ട് എത്തിക്കുകയായിരുന്നു. പേരാവൂർ മേഖല പ്രസിഡന്റ് ജോർജ് കാനാട്ടിന്റെനേതൃത്വത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിധിൻ രാജിന് കൈമാറി.
സെക്രട്ടറി ജോബി കുര്യൻ, കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് അന്ന ജോളി, പഞ്ചായത്ത് മെമ്പർ ജോസഫ്, ജോണി വാഴച്ചാരിക്കൽ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. അപേക്ഷകൾ സ്വീകരിക്കുന്നതിന് എകെസിസി വിപുലമായ ഒരുക്കങ്ങളാണ് ഫൊറോനതലങ്ങളിൽ നടത്തിയത്. വിവിധ യൂണിറ്റുകൾ സന്ദർശിച്ച എകെസിസി അംഗങ്ങൾ പരാതി നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടത്തിയിരുന്നു.
ചുങ്കക്കുന്ന് ഫൊറോനയുടെ കീഴിൽ കൊട്ടിയൂർ ഇടവക എകെസിസി യൂണിറ്റിൽ നേതൃത്വത്തിൽ ആയിരത്തോളം പരാതികൾ സമാഹരിച്ച് കൊട്ടിയൂർ പഞ്ചായത്തിലെ വനംവകുപ്പിന്റെ ഹെൽപ്പ് ഡസ്ക്കിൽ കൈമാറി. കൊട്ടിയൂർ പള്ളി വികാരി ഫാ. സജി പുഞ്ചയിലിന്റെ നേതൃത്വത്തിലാണ് പരാതികൾ കൈമാറിയത്.
വിവിധ യൂണിറ്റുകളിൽ നിന്നായി രണ്ടായിരത്തോളം പരാതികൾ ചൊവ്വാഴ്ച സമർപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. എകെസിസി യൂണിറ്റ് പ്രസിഡന്റ് ജിൽസ് എം. മേക്കൽ, ലാലിച്ചൻ പുല്ലാപള്ളി, ഷാജി കുമ്പളുങ്കൽ, ജോസഫ് കുടക്കച്ചിറ, ഷാജി തെങ്ങുംപള്ളി, ജോർജ് കോട്ടൂർ, ജോണി ആമക്കാട്ട്, തോമസ് പൊട്ടാനാനി, ബാബു മങ്കോട്ടിൽ സണ്ണി കപ്യാരുമല എന്നിവരും പങ്കെടുത്തു.