കിരീടം തിരിച്ചുപിടിക്കാന്‍ സജ്ജമായി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി
1595552
Monday, September 29, 2025 1:13 AM IST
കണ്ണൂര്‍: ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ വരവ്. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ഒഫീഷ്യല്‍ ടീം പ്രഖ്യാപനവും ജേഴ്സി അവതരണവും നടന്നു. പയ്യാമ്പലം ബീച്ചിൽ പ്രശസ്ത ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ടീം അംഗങ്ങളെ അവതരിപ്പിച്ചു.
സിനിമ താരവും ക്ലബിന്റെ സെലിബ്രറ്റി പാര്‍ട്ട്ണറുമായ ആസിഫ് അലിയും ക്ലബ് ഭാരവാഹികളും ചേര്‍ന്ന് ജേഴ്സി പ്രകാശനം നിര്‍വഹിച്ചു.
കണ്ണൂര്ക്കാരന് ഗോള്‍ കീപ്പര്‍ സി.കെ. ഉബൈദ്, സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ, കാമറൂണ്‍ താരം എണസ്റ്റീന് ലാവ്സാംബ എന്നിവരെ പുതിയ സീസണിലെ ക്യാപ്റ്റന്മാരായി പ്രഖ്യാപിച്ചു.
ക്ലബ് ചെയര്മാന് ഡോ. അസന്‍ കുഞ്ഞി, ഡയറക്ടര്‍മാരായ കെ.എം. വര്‍ഗീസ്, മിബു ജോസ് നെറ്റിക്കാടന്, സി.എ. മുഹമ്മദ് സാലിഹ്, നവാസ് മീരാന്‍, നിസാര്‍, ജുവല്‍ ജോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വനിതകള്‍ക്കും 12 വയസിന് താഴെ ഉള്ളവര്‍ക്കും കണ്ണൂരിന്റെ ഹോം മത്സരങ്ങള്‍ സൗജന്യമായി കാണാമെന്ന് കണ്ണൂര്‍ വാരിയേഴ്സ് ചെയര്മാന് ഡോ. ഹസന് കുഞ്ഞി പറഞ്ഞു. കണ്ണൂരിലെ വനിതകളെയും കുട്ടികളെയും ഫുട്ബോളിലേക്ക് ആകര്‍ഷികുവാന്‍ വേണ്ടിയാണെന്നും കൂട്ടിചേര്‍ത്തു.
പരിപാടി കാണാനെത്തുന്നവര്‍ക്ക് പങ്കെടുക്കുവാനായി പെനാല്‍റ്റി ഷൂട്ടൗട്ട്, ബോള്‍ ജഗ്ളിംഗ്, ബോട്ടില്‍ ഫ്ലിപ്പ് തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിരുന്നു. വിജയികള്‍ക്ക് പ്രത്യേകം സമ്മാനവും നല്കി. കനത്തമഴയെ തുടര്‍ന്ന് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.