ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടിന് അഞ്ചരക്കണ്ടി പുഴയിൽ
1595821
Tuesday, September 30, 2025 1:23 AM IST
കണ്ണൂര്‍: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഉത്തരമലബാറിലെ മത്സരങ്ങള്‍ക്ക് ധർമടം അഞ്ചരക്കണ്ടി പുഴയില്‍ ഒക്ടോബര്‍ രണ്ടിന് തുടക്കമാകും. 15 ചുരുളി വള്ളങ്ങൾ പങ്കെടുക്കും. മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ പങ്കെടുക്കും. മത്സരങ്ങള്‍ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും.
അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് പാലം മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് ജലോത്സവം നടത്തുക. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതില്‍ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനല്‍) നടക്കും. എകെജി പോടോത്തുരുത്തി എ ടീം, എകെജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാര്‍ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയ്യിച്ച, വയല്‍ക്കര മയ്യിച്ച, എകെജി മയ്യിച്ച, വയല്‍ക്കര വെങ്ങാട്ട്, വിബിസി കുറ്റിവയല്‍ (ഫൈറ്റിംഗ് സ്റ്റാര്‍ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം, പാലിച്ചോന്‍ അച്ചാംതുരുത്തി ബി ടീം, അഴിക്കോടന്‍ അച്ചാംതുരുത്തി, ഇഎംഎസ് മുഴക്കീല്‍, നവോദയ മംഗലശേരി, ധര്‍മടം ടീം എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍. അഞ്ച് ഹീറ്റ്സുകളുണ്ടാകും.
വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും നടക്കും. വൈകുന്നേരം അഞ്ചിന് സമ്മാനദാനം നടക്കും. ഉത്തരമലബാറിലെ സിബിഎല്‍ മത്സരങ്ങള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പങ്കെടുക്കുന്ന വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ് ലഭിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെ കാഷ് പ്രൈസും നൽകും.