അധ്യാപകർ മാനവ സ്നേഹത്തിന്റെ വക്താക്കൾ: മാർ ജോർജ് വലിയമറ്റം
1595833
Tuesday, September 30, 2025 1:23 AM IST
പേരാവൂർ: അധ്യാപകർ ദൈവസ്നേഹത്തിന്റേയും മാനവസ്നേഹത്തിന്റേയും വക്താക്കളാണെന്ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം. ഹൃദയങ്ങളെ പരസ്പരം തിരിച്ചറിയാൻ സാധിക്കാത്ത ആധുനിക കാലഘട്ടത്തിൽ പരസ്പര ബഹുമാനത്തിന്റെ അനുഭവം പങ്കുവയ്ക്കാൻ സാധിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നവതിയിൽ എത്തിയ അധ്യാപകനും പൊതുപ്രവർത്തകനുമായ മാത്യു എം. കണ്ടത്തിൽ, തന്റെ ഹൈസ്കൂൾ അധ്യാപികയായ സിസ്റ്റർ ബോണിഫേസ് മേരി എസ്എച്ചിനെ ആദരിക്കു ന്നതിനായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് വലിയമറ്റം.
ഗുരുനാഥയെ ശിഷ്യനായ മാത്യു എം കണ്ടത്തിൽ ഷാൾ അണിയിച്ച് ആദരിച്ചു. നവതിയിലെത്തിയ മാത്യൂ എം. കണ്ടത്തിലിനെയും സിസ്റ്ററിനെയും മാർ ജോർജ് വലിയമറ്റം ആദരിച്ചു. തിരുഹൃദയ സന്യാസ സമൂഹം പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. ട്രീസ പാലക്കൽ അധ്യക്ഷത വഹിച്ചു.
പേരാവൂർ ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, ഡോ. ജോസ്ലൈറ്റ് മാത്യു, ഡോ. ഏബ്രഹാം ജോസഫ്, ഫാ. സുബിൻ റാത്തപ്പള്ളിൽ, കുര്യൻ തെക്കേക്കണ്ടത്തിൽ, മഞ്ജുഷ മനോജ്, മിനി സിറിൽ, സിസ്റ്റർ എൽസി ജെയിംസ്, സിസ്റ്റർ ജൂലിയ ജെയിംസ് എന്നിവർ പ്രസംഗിച്ചു.