സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
1595547
Monday, September 29, 2025 1:13 AM IST
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭ നാലാം വാർഡ് കട്ടായി, കിസാൻ സർവീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പുന്ന അർച്ചന ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹ പ്രഭാഷണവും നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ മുഖ്യപ്രഭാഷണവും നടത്തി. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ട്രഷർ ഡി.പി. ജോസ് വിശിഷ്ടാതിഥിയായിരുന്നു.
ശ്രീകണ്ഠപുരം നഗരസഭ നാലാം വാർഡ് കൗൺസിലറും കിസാൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, നെടിയേങ്ങ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പെരുമ്പള്ളിൽ, വർഗീസ് വയലാമണ്ണിൽ, അർച്ചന ആശുപത്രി അഡ്മിനിസ്ട്രേറ്റർ ജീന സെബാസ്റ്റ്യൻ, സണ്ണി കൊച്ചുപുരയ്ക്കൽ, പി.കെ. അപർണ, ജോസഫ് ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു.
149 പേർ ക്യാമ്പിൽ പങ്കെടുത്തു. മരുന്നുകൾ ആവശ്യമുള്ളവർക്ക് സൗജന്യമായും കണ്ണട ആവശ്യമുള്ളവർക്ക് പകുതി വിലയിലും നൽകി. ശസ്ത്രക്രിയ ആവശ്യമുള്ള ആരോഗ്യ കാർഡ് ഉള്ളവർക്ക് അർച്ചന ആശുപത്രിയിൽ ഓപ്പറേഷൻ സൗജന്യമായി നടത്തും. ഡോ. മേഘയുടെ നേതൃത്വത്തിലുള്ള എട്ടംഗ ടീമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.