രയറോം പാലം തകർച്ചാഭീഷണിയിൽ
1595545
Monday, September 29, 2025 1:13 AM IST
ആലക്കോട്: നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച രയറോം പാലം തകർച്ചയിൽ. ദേശീയപാത കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ വാഹന സഞ്ചാരമുള്ള മലയോര ഹൈവേയിലെ ആലക്കോട്-രയറോം പാലത്തിന്റെ തൂണും അടിക്കെട്ടും കോൺക്രീറ്റ് അടർന്ന് തകർച്ചാ ഭീഷണിയിലാണ്.
റോഡിൽനിന്ന് പാലത്തിലേക്ക് കയറുന്ന രണ്ടു ഭാഗങ്ങളിലെ തൂണുകൾക്കാണ് ബലക്ഷയം സംഭവിച്ചത്. കൂടാതെ പാലത്തിന്റെ മുകളിലേക്ക് കയറുന്ന ഭാഗങ്ങളിലെ കോൺക്രീറ്റും കല്ലുകളും ഇളകിയിട്ടുണ്ട്.
1980 കളിൽ പണിതതാണ് പാലം. മലയോര ഹൈവേയിലെ കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ദീർഘദൂര ബസുകൾ, ലോറികൾ, ടാങ്കർ ലോറികൾ, കരിങ്കൽ ഉത്പന്നങ്ങൾ നിറച്ച ഭാരവാഹനങ്ങൾ എന്നിവയുടെ നിരന്തര ഓട്ടവും, മഴക്കാലത്ത് കുടക് വനത്തിലെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തുന്ന മരങ്ങൾ വന്നിടിക്കുന്നതും പാലത്തിന്റെ കോൺക്രീറ്റ് തൂണുകളെ ദുർബലമാക്കി.
പുഴയിലുള്ള തൂണുകളുടെ കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ച കമ്പികൾ പുറത്തേക്ക് തള്ളിയിട്ടുണ്ട്.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയാൽ പാലം കുറേക്കാലംകൂടി സംരക്ഷിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.