പ്രതികളായ പോളിംഗ് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് കോടതി
1595823
Tuesday, September 30, 2025 1:23 AM IST
ചെമ്പേരി: വിവാദമായ ഏരുവേശി കള്ളവോട്ട് കേസിൽ പ്രതിചേർത്ത പോളിംഗ് ഉദ്യോഗസ്ഥർ കുറ്റപത്രം വായിച്ചുകേട്ട് വിചാരണ നേരിടണമെന്ന് തളിപ്പറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. 85ലേറെ തവണ മാറ്റിവച്ച കേസ് കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചപ്പോഴാണ് ഉത്തരവുണ്ടായത്. കേസ് നവംബർ പതിനെട്ടിലേക്ക് മാറ്റി. പോളിംഗ് ഉദ്യോഗസ്ഥർ പ്രതികളായ കളളവോട്ട് കേസ് എന്ന പ്രത്യേകതയാണ് ഈ കേസിനുള്ളത്.
വിചാരണ നേരിടേണ്ട അഞ്ച് സർക്കാർ ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നവരാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏരുവേശി കെകെഎൻഎം എയുപി സ്കൂളിലെ നൂറ്റിയൊമ്പതാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതിയുണ്ടായത്. ഈ ബൂത്തിൽ അന്ന് 58 കള്ളവോട്ടുകൾ ചെയ്തിട്ടുള്ളതായി തെളിഞ്ഞിരുന്നു.
വോട്ടെടുപ്പ് ദിവസം സ്ഥലത്തില്ലാതിരുന്ന ഇതര സംസ്ഥാനങ്ങളിൽ ജോലിക്കാരായ 28 ആളുകൾ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തുവരുന്ന 27 പേർ, മൂന്ന് സൈനികർ എന്നിവരുടെ വോട്ടുകളാണ് മറ്റ് ചിലർ വ്യാജമായി ചെയ്തത്.
അക്കാലത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളി വോട്ടെടുപ്പ് കഴിഞ്ഞയുടൻ കുടിയാന്മല പോലീസിൽ കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പോളിംഗ് ഉദ്യോഗസ്ഥർ കള്ളവോട്ടിന് കൂട്ടുനിന്നതായി പരാതിയിലുള്ളതിനാൽ പോലീസ് കേസെടുക്കാൻ തയാറായില്ല.
ഇതേത്തുടർന്ന് പരാതിക്കാരൻ തളിപ്പറമ്പിലെ അഭിഭാഷകൻ വി.എ. സതീഷ് മുഖേന കോടതിയെ സമീപിക്കുകയാണുണ്ടായത്. കോടതി നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് തുടർ നടപടികളുണ്ടായില്ല. പിന്നീട് പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളി ഹൈക്കോടതിയിലെത്തിയപ്പോൾ അന്നത്തെ വോട്ടെടുപ്പ് രേഖകൾ പരിശോധിച്ച ഹൈക്കോടതി പോളിംഗ് ഉദ്യാഗസ്ഥർ കൃത്യവിലോപം നടത്തിയതായി കണ്ടെത്തുകയും കേസിൽ തുടർനടപടികൾ നിർദേശിക്കുകയുമായിരുന്നു. ഇതോടെയാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കള്ളവോട്ടിനെതിരെ സാധ്യമായ കർശന നിയമ നടപടികൾക്ക് വഴിയൊരുങ്ങിയത്.